ഹാജരുണ്ട്, മുത്തച്ഛനും മുത്തശ്ശിയും...


സ്‌കൂളുകളിൽ ഗ്രാന്റ് പാരന്റ്‌സ് ക്ലബ്ബ് വരുന്നു

കൊച്ചി: വയോജനങ്ങളുടെയും കുട്ടികളുടെയും ബന്ധം ഊഷ്മളമാക്കാൻ സ്‌കൂളുകളിൽ ഗ്രാന്റ് പേരന്റ്‌സ് ക്ലബ്ബ് വരുന്നു. സ്‌കൂൾ കുട്ടികൾ, വയോജനങ്ങൾ, അധ്യാപക-രക്ഷാകർതൃ സംഘടനാ പ്രതിനിധികൾ എന്നിവരടങ്ങുന്നതാകും ക്ലബ്ബ്.

സ്വാതന്ത്ര്യദിനത്തിൽ കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ വയോമിത്രത്തിന്റെ സഹായത്തോടെ വെണ്ണല ഗവ. സ്‌കൂളിൽ ഇത്തരത്തിലുള്ള ആദ്യ ക്ലബ്ബിന്റെ പ്രവർത്തനം തുടങ്ങി. നൂറോളം വയോജനങ്ങളാണ് പരിപാടിക്കെത്തിയത്. സംസ്ഥാനത്തെ മറ്റ്‌ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

രണ്ടുതലമുറയ്ക്കിടയിൽ ആശയവിനിമയം സാധ്യമാക്കാനും പരസ്പരം തിരിച്ചറിയാനും ഊഷ്മളബന്ധം സൃഷ്ടിക്കാനുമുള്ള വേദിയാകും ഗ്രാൻഡ് പേരന്റ്‌സ് ക്ലബ്ബ്.

സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ മുത്തച്ഛനും മുത്തശ്ശിക്കും പുറമേ സ്‌കൂൾ പരിസരത്ത്‌ താമസിക്കുന്ന മറ്റു വയോജനങ്ങൾക്കും ക്ലബ്ബിൽ ചേരാം. ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസത്തിൽ ഒരു ദിവസം ഗ്രാൻഡ് പേരന്റ്‌സ് കെയർ ഡേ സംഘടിപ്പിക്കണം. ആ ദിനത്തിൽ ബോധവത്‌കരണ, വിനോദ പരിപാടികളും ഗൃഹസന്ദർശനവും ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും.

ക്ലബ്ബിന്റെ ആദ്യയോഗം ആവേശകരമായിരുന്നു. ഒട്ടേറെ വയോജനങ്ങളാണ് കുട്ടികളുടെ കൈപിടിച്ച് വിദ്യാലയമുറ്റത്തേക്ക് കടന്നുവന്നത്. “എന്റെ ഉപ്പാക്ക് 78 വയസ്സായി. കാഴ്ചപരിമിതിയുള്ള ഉപ്പയും ഉമ്മയും വളരെ ആവേശത്തിലും സന്തോഷത്തിലുമാണ് പേരക്കുട്ടിയോടൊപ്പം ഈ പരിപാടിക്കുവന്നത്. ഇവിടെയെത്തിയ ഓരോ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ഇതേ ആവേശത്തിൽ തന്നെയായിരുന്നു.” -വെണ്ണല ഗവ. സ്‌കൂളിലെ എം.പി.ടി.എ. പ്രസിഡന്റ് പി.എ. ഷീബ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..