മോൻസൺ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു


കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ് നൽകിയ ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കി മോൻസൺ മാവുങ്കലിന്റെ ഡ്രൈവർ ജെയ്‌സൺ രംഗത്ത്. മോൻസൺ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്നും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യാത്ര ചെയ്തിരുന്നത് ഈ കാറുകളിലായിരുന്നെന്നുമാണ് ജെയ്സൺ പറയുന്നത്. പരാതിക്കാരുമായി ജെയ്സൺ നടത്തിയ ചാറ്റുകളും മറ്റും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ജെയ്സണിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ: ഡി.ഐ.ജി. സുരേന്ദ്രനുമായിട്ടായിരുന്നു മോൻസണ് കൂടുതൽ അടുപ്പം. അദ്ദേഹത്തിന്റെ ഔദ്യോഗിക കാർ പലപ്പോഴും സ്വകാര്യ യാത്രകൾക്കായി ഉപയോഗിച്ചു. കോവിഡ് കാലത്തായിരുന്നു ഇത് കൂടുതൽ. പോലീസുകാർക്ക് മദ്യക്കുപ്പി എത്തിച്ചു നൽകിയത് ഈ കാറിലാണ്. അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് മോൻസൺ മടങ്ങിയത് ബീക്കൺ ലൈറ്റ് ഇട്ടായിരുന്നു. തൃശ്ശൂരിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വേഗം എത്താനായിരുന്നു ഇത്. ഡൽഹിയിൽ എത്തിയപ്പോൾ മോൻസൺ താമസിച്ചത് നാഗാലാൻഡ് പോലീസ് ക്യാമ്പിലാണ്. ഐ.ജി. ലക്ഷ്മണയാണ് ഇതിനിടപെട്ടത്. ഐ.ജി.യുടെ ഔദ്യോഗിക സീലും ഒപ്പും ദുരുപയോഗം ചെയ്ത് മോൺസണിന്റെ സുഹൃത്തുക്കൾക്ക് കോവിഡ് കാലത്ത് സുരേന്ദ്രൻ മുഖേന വാഹന പാസുകൾ നൽകി. ഇക്കാര്യമെല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നെങ്കിലും കാര്യമായി എടുത്തില്ല.

എന്നാൽ, ജെയ്സൺ ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവ് ഹാജരാക്കിയിട്ടില്ലെന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്.

അതിനിടെ മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകി. കേസിൽ യഥാർഥ പ്രതികൾ പലരും പിടിയിലായില്ലെന്നും സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്നും പരാതിക്കാരനായ കോഴിക്കോട് സ്വദേശി യാക്കൂബ് പുതിയപുരയിൽ നൽകിയ പരാതിയിലുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..