കിഫ്ബിയിലെ ഇ.‍ഡി. അന്വേഷണത്തിന് സ്റ്റേയില്ല


വിശദമായ സത്യവാങ്മൂലം ഫയൽചെയ്യാൻ ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ (ഫെമ) ലംഘനം നടന്നിട്ടുണ്ടോ എന്നതിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന അന്വേഷണം സ്റ്റേചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം തള്ളി ഹൈക്കോടതി. ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടത് ഇ.ഡി. അല്ലെന്നും അതിനാൽ സ്റ്റേ ചെയ്യണമെന്നുമായിരുന്നു കിഫ്ബിയുടെ ആവശ്യം.

എന്നാൽ, സി.എ.ജി. റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിൽ നടക്കുന്ന പ്രാഥമികാന്വേഷണം തടസ്സപ്പെടുത്തരുതെന്ന് ഇ.ഡി.യുടെ അഭിഭാഷകൻ വാദിച്ചു. ഇതിൽ വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യാമെന്നും അറിയിച്ചു. കേസിന്റെ വസ്തുതകളും നിയമപരമായ സാധ്യതകളും വിശദമാക്കുന്നതായിരിക്കണം സത്യവാങ്മൂലം എന്ന് നിർദേശിച്ച് ജസ്റ്റിസ് വി.ജി. അരുൺ ഹർജി സെപ്റ്റംബർ രണ്ടിന് പരിഗണിക്കാൻ മാറ്റി.

കിഫ്ബി വിദേശത്ത് മസാലബോണ്ട് പുറപ്പെടുവിച്ചതിൽ ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്നതിലാണ് ഇ.ഡി. അന്വേഷണം. കിഫ്ബിക്കുപുറമേ, സി.ഇ.ഒ. കെ.എം. എബ്രഹാം, ജോയന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരാണ് ഇ.ഡി. അന്വേഷണത്തെ കോടതിയിൽ ചോദ്യംചെയ്യുന്നത്.

ആർ.ബി.ഐ.യുടെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നും അതിൽ ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടത് റിസർവ് ബാങ്കാണെന്നും കിഫ്ബിക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ അരവിന്ദ് ദത്താർ വാദിച്ചു. കിഫ്ബിയുടെ വിശ്വാസ്യത തകർക്കാനായി സി.ഇ.ഒ. അടക്കമുള്ളവർക്ക് സമൻസ് അയക്കുകയാണെന്നും അന്വേഷണം കിഫ്ബിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നെന്നും അരവിന്ദ് ദത്താർ വാദിച്ചു. കുടുംബാംഗങ്ങളുടെ വിവരംവരെയാണ് തിരക്കുന്നത്.

വനിതാ ജീവനക്കാരിയോട് ഒരേ രേഖകളുമായി എത്തണമെന്നാവശ്യപ്പെട്ട് പലതവണ സമൻസ് നൽകി. ദേശിയപാത അതോറിറ്റിയടക്കം വിദേശത്ത് ബോണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കിഫ്ബി വാദിച്ചു.

സംശയിക്കാൻ മതിയായ കാരണങ്ങളുണ്ടെങ്കിൽ അന്വേഷിക്കാമല്ലോ എന്നായിരുന്നു കോടതിയുടെ അഭിപ്രായം. പ്രാഥമികാന്വേഷണത്തിൽ ഫെമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ അഡ്‌ജുഡിക്കേഷൻ അതോറിറ്റിക്ക്‌ കൈമാറുമെന്ന് ഇ.ഡി.ക്കായി ഹാജരായ കേന്ദ്രസർക്കാർ അഭിഭാഷകൻ ജയശങ്കർ വി. നായർ വ്യക്തമാക്കി.

എന്നാൽ, ഒരേ രേഖയുമായി എത്തണമെന്ന ആവശ്യം ഉന്നയിച്ച് മൂന്ന് തവണവരെ സമൻസ് നൽകിയത് എന്തിനാണെന്ന് കോടതി ആരാഞ്ഞു. ജീവനക്കാർ ഇക്കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഗണിക്കാമെന്നായിരുന്നു ഇ.ഡി.യുടെ മറുപടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..