നാരായൻ അന്തരിച്ചു


കൊച്ചി: പ്രശസ്ത സാഹിത്യകാരൻ നാരായൻ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.45-നായിരുന്നു അന്ത്യം. സംസ്കാരം ഇടപ്പള്ളി ശ്മശാനത്തിൽ നടത്തി.

ആദ്യ നോവലായ കൊച്ചരേത്തി 1998-ലാണ് പ്രസിദ്ധീകരിച്ചത്. 99-ൽ നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2011-ലെ ഇക്കണോമിസ്റ്റ് ക്രോസ്‌വേഡ് പുരസ്കാരം ഈ നോവലിന്റെ വിവർത്തനത്തിനായിരുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്‌ പ്രസിദ്ധീകരിച്ച ഈ കൃതി ട്രൈബൽ നോവൽ എന്ന നിലയിൽ അന്താരാഷ്ട്ര ശ്രദ്ധ നേടി.

ഇടുക്കിയിലെ മലയരയ ഗോത്ര വിഭാഗത്തിൽ ജനിച്ച നാരായന്റെ കൃതികളിൽ ഗോത്രജനതയുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ഗോത്രവർഗ നോവലിസ്റ്റാണ് നാരായൻ.

മുമ്പ് രണ്ടുവട്ടം ഹൃദ്രോഗം ബാധിച്ച അദ്ദേഹത്തെ പനിയും ദേഹാസ്വാസ്ഥ്യവുമായാണ് ചൊവ്വാഴ്ച ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

തൊടുപുഴ കുടയത്തൂരിൽ രാമന്റെയും കൊച്ചൂട്ടിയുടെയും മകനായി 1940-ലായിരുന്നു ജനനം. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 1995-ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു. 15 വർഷമായി എറണാകുളം പുതുക്കലവട്ടം മുളയ്ക്കൽ റോഡിലെ വാടക വീട്ടിലായിരുന്നു താമസം.

നാരായന്റെ തിരഞ്ഞെടുത്ത കൃതികൾ നാഷണൽ ബുക് ട്രസ്റ്റ് മലയാളത്തിലും തമിഴിലും പ്രസിദ്ധീകരിച്ചിരുന്നു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി തെലുങ്കിലും അടുത്ത മാസം കൃതി പ്രകാശനം ചെയ്യാനിരിക്കുകയായിരുന്നു.

1999-ലെ തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്, 2011-ലെ സ്വാമി ആനന്ദതീർഥ പുരസ്കാരം, അബുദാബി ശക്തി അവാർഡ് എന്നിവയ്ക്ക് കൊച്ചരേത്തി അർഹമായി. ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല, ആരാണ് തോൽക്കുന്നവർ, കൃഷ്ണനെല്ലിന്റെ ചോറ്, തോൽവികളുടെ തമ്പുരാന്മാർ എന്നിവയാണ് പ്രധാന കൃതികൾ.

ലതയാണ് ഭാര്യ. രാജേശ്വരി (ഹോമിയോ വകുപ്പ്, തൊടുപുഴ), പരേതനായ സിദ്ധാർഥ കുമാർ, സന്തോഷ് നാരായൻ (ടാക്സ് കൺസൽട്ടന്റ്, െകാച്ചി) എന്നിവർ മക്കളാണ്.

മരുമക്കൾ: പ്രസാദ്, അമ്പിളി (ഹെഡ് പോസ്റ്റ് ഓഫീസ്, എറണാകുളം), സുജിത.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..