എൻ.എസ്.എസ്. സ്കൂളുകളിൽ സമുദായ ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനത്തിന് അനുമതി


കൊച്ചി: എൻ.എസ്.എസ്. മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 10 ശതമാനം സമുദായ ക്വാട്ടയിൽ പ്രവേശനം നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല അനുമതി. പിന്നാക്ക ന്യൂനപക്ഷ മാനേജുമെന്റുകളല്ലാത്ത മറ്റു സമുദായങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അനുവദിച്ച 10 ശതമാനം സമുദായക്വാട്ട റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ അപ്പീലിലാണ് അനുമതി.

ജസ്റ്റിസ് അലക്‌സാണ്ടർ തോമസും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

എന്നാൽ, കോടതിയുടെ തുടർഉത്തരവിന്റെ അടിസ്ഥാനത്തിലേ പ്രവേശനനടപടികൾ പൂർത്തിയാക്കാവൂ എന്നും ഉത്തരവ് വ്യക്തമാക്കുന്നു. വ്യക്തികൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, ഏജൻസികൾ തുടങ്ങി സാമുദായികാടിസ്ഥനത്തിലല്ലാതെ പ്രവർത്തിക്കുന്ന മാനേജുമെന്റുകൾ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് 10 ശതമാനം സമുദായ ക്വാട്ട അനുവദിച്ചത് റദ്ദാക്കിയത്. ഈ 10 ശതമാനം സീറ്റിലേക്ക് കേന്ദ്രീകൃത അലോട്ടുമെന്റ് നടത്തണമെന്നും നിർദേശിച്ചിരുന്നു. ഇത്തരത്തിൽ സമുദായ ക്വാട്ട അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

ഹർജിയിൽ എൻ.എസ്‍.എസ്. കക്ഷിയായിരുന്നില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് പ്രവേശനനടപടിക്ക്‌ തടസ്സമായതോടെയാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. മുന്നാക്കസമുദായക്കാർക്ക് ഭരണഘടന ഭേദഗതിയിലൂടെ 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ.

തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളിൽ 10 ശതമാനം സമുദായക്വാട്ടയിൽ മെരിറ്റടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നതിനെ ഹർജിക്കാരായ മാനേജുമെന്റുകളടക്കം ആരും എതിർപ്പ് ഉന്നയിച്ചിട്ടില്ലെന്നതും എൻ.എസ്.എസിനായി ഹാജരായ സീനിയർ അഭിഭാഷകൻ എസ്. ശ്രീകുമാർ ചൂണ്ടിക്കാട്ടി. ഇത് കണക്കെടുത്തുകൊണ്ടാണ് ഇടക്കാല ഉത്തരവ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..