ദേശീയപതാക തലതിരിച്ചുയർത്തിയ ബി.ജെ.പി. ലക്ഷദ്വീപ് നേതാവിനെതിരേ കേസ്


’ഹർ ഘർ തിരംഗ’

കൊച്ചി: ’ഹർ ഘർ തിരംഗ’ ആഹ്വാനപ്രകാരം വീട്ടിൽ ദേശീയപതാക തലതിരിച്ച് ഉയർത്തിയ ബി.ജെ.പി. ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരേ കേസ്. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശിയും കോഴിക്കോട്ട് താമസക്കാരനുമായ എച്ച്.കെ. മുഹമ്മദ് കാസിമിനെതിരേയാണ് കവരത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട്ടു നടന്ന സംഭവത്തിലാണ് കവരത്തിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുഹമ്മദ് കാസിമും ഭാര്യയും ചേർന്ന് ദേശീയപതാകയേന്തി നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വന്നതോടെയാണ് പിശക് ചൂണ്ടിക്കാണിക്കപ്പെട്ടത്. തലതിരിച്ചായിരുന്നു ഇരുവരും പതാക ഉയർത്തിപ്പിടിച്ച് ഫോട്ടോ എടുത്തത്. ലക്ഷദ്വീപിൽ നിരവധി പേർ ഈ ചിത്രം സ്റ്റാറ്റസ് ആക്കുകയും ബി.ജെ.പി.ക്കെതിരേയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്തു.

ലക്ഷദ്വീപിൽ വിഷയം കത്തിപ്പടർന്നതിനെ തുടർന്നാണ് കവരത്തി പോലീസ് കേസെടുത്തത്. ദേശീയ ചിഹ്നങ്ങളെ അപമാനിക്കൽ തടയൽ നിയമമനുസരിച്ചാണ് കേസ്. ഓഗസ്റ്റ് 25-ന് രാവിലെ 10.30-ന് കവരത്തി ഇൻസ്‌പെക്ടർ ആർ.എം. അലി അക്ബറിനു മുമ്പാകെ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസും നൽകി. മുഹമ്മദ് കാസിമും ഭാര്യയും ചേർന്ന് ദേശീയപതാക ഉയർത്തിപ്പിടിച്ചത് കോഴിക്കോട്ടുള്ള വസതിയിലാണ്, ഇതിൽ കവരത്തി പോലീസ് കേസെടുക്കുന്നതെങ്ങനെയെന്ന് മുഹമ്മദ് കാസിം ചോദിക്കുന്നു. ദേശീയപതാക ഉയർത്തിപ്പിടിച്ചതിലെ പിശക് തിരിച്ചറിഞ്ഞപ്പോൾ തന്നെ അത് തിരുത്തിയിരുന്നുവെന്നും മുഹമ്മദ് കാസിം പറഞ്ഞു. പറ്റിയ പിശകിനെ ചിലർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..