സ്ഥലംമാറ്റം മറികടക്കാൻ സൂത്രപ്പണി


കെ.എസ്.ഇ.ബി.യിൽ ആയിരത്തിലേറെ പേർ വർക്കിങ് അറേഞ്ച്‌മെന്റിൽ

കൊച്ചി: തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് തട്ടിയോ. പേടിക്കേണ്ട, വർക്കിങ് അറേഞ്ച്‌മെന്റ് ഉണ്ടല്ലോ... രാഷ്ട്രീയ ഉന്നത സ്വാധീനമുണ്ടെങ്കിൽ സ്ഥലംമാറ്റം പുല്ലുപോലെ മറികടക്കാം. തസ്തികകൾ വെട്ടിക്കുറച്ച് പുനഃസംഘടനയ്ക്ക് അതിതീവ്ര ശ്രമം നടത്തുന്ന കെ.എസ്.ഇ.ബി.യിൽ വർക്കിങ് അറേഞ്ച്‌മെന്റിലുള്ളത് 1,100 പേർ. വർക്കിങ് അറേഞ്ച്‌മെന്റ് കർശനമായി അവസാനിപ്പിക്കണമെന്ന് വർഷങ്ങൾക്കു മുമ്പേ തീരുമാനമുള്ളിടത്താണ് ഈ വൈരുധ്യം.

സ്ഥലംമാറ്റം കിട്ടിയവർ അതേ ഓഫീസിൽ തുടരുന്ന പ്രതിഭാസമായാണ് ’വർക്കിങ് അറേഞ്ച്‌മെന്റ്’ എന്നതിനെ കെ.എസ്.ഇ.ബി.ക്കാർ തന്നെ വിശേഷിപ്പിക്കുന്നത്. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, സബ് എൻജിനീയർ, സൂപ്രണ്ട്, സീനിയർ സൂപ്രണ്ട്, ഓവർസിയർ, ലൈൻമാൻ, കാഷ്യർ, ഓഫീസ് അറ്റൻഡഡ്‌, മസ്ദൂർ... അങ്ങനെ കെ.എസ്.ഇ.ബി.യിൽ വർക്കിങ് അറേഞ്ച്‌മെന്റില്ലാത്ത തസ്തിക തന്നെ ഇല്ലെന്നു പറയാം.

പ്രത്യേക പ്രവൃത്തിയുടെ പൂർത്തിയാക്കലിനായി ഓഫീസിന് ആവശ്യമുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാതെ സംരക്ഷണം നൽകുന്ന ‘അഡ്മിനിസ്‌ട്രേറ്റീവ് പ്രൊട്ടക്ഷൻ’ നിലനിൽക്കേയാണ് അതിനു പുറമേ വർക്കിങ് അറേഞ്ച്‌മെന്റ് തുടരുന്നത്. സ്ഥലംമാറ്റ ഉത്തരവിറങ്ങും മുമ്പുതന്നെ അതത് ഓഫീസുകൾ അഡ്മിനിസ്‌ട്രേറ്റീവ് പ്രൊട്ടക്ഷൻ ആവശ്യമുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ലഭ്യമാക്കിയിരിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

കെ.എസ്.ഇ.ബി.യിൽ സ്ഥലംമാറ്റം ലഭിക്കുന്ന ഉദ്യോഗസ്ഥരിൽ ചിലർ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് വർക്കിങ് അറേഞ്ച്മെന്റിൽ, നേരത്തേയുള്ള ഓഫീസിൽ തന്നെ തിരിച്ചെത്തും. ഈ ഉദ്യോഗസ്ഥർ സ്ഥലംമാറി പോയെന്നായിരിക്കും രേഖയിൽ. സ്ഥലംമാറ്റം ലഭിച്ച ഓഫീസിലെ തസ്തിക ഒഴിഞ്ഞു കിടക്കും. ആൾ പഴയ സീറ്റിൽ തന്നെ ഇരിക്കുകയും ചെയ്യും. തിരുവനന്തപുരം മുതലുള്ള തെക്കൻ ജില്ലകളിൽനിന്ന് കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട് തുടങ്ങിയ വടക്കൻ ജില്ലകളിലേക്കും ഇടുക്കിയിലേക്കും സ്ഥലംമാറ്റം ലഭിക്കുന്നവരാണ് പഴയ ഓഫീസിലേക്കോ അതിനടുത്തേക്കോ വർക്കിങ് അറേഞ്ച്‌മെന്റ് വഴി തിരിച്ചെത്താറ്. ഇതുമൂലം ഈ ജില്ലകളിൽ തസ്തികകൾ ഒഴിഞ്ഞുതന്നെ കിടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..