കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കു വേണ്ടി പാറ പൊട്ടിച്ച് പഞ്ചായത്ത് റോഡിലൂടെ കൊണ്ടുപോകുന്നത് പൊതുജനങ്ങളുടെ റോഡ് ഉപയോഗം തടസ്സപ്പെടുത്താതെ ആയിരിക്കണമെന്ന് അദാനി വിഴിഞ്ഞം പോർട്ട് കമ്പനിക്ക് ഹൈക്കോടതിയുടെ നിർദേശം. ജോലി സ്ഥലത്തേക്ക് പാറ പൊട്ടിച്ചു കൊണ്ടുപോകുന്നതു നാട്ടുകാർ തടസ്സപ്പെടുത്തുകയാണെന്ന് ആരോപിച്ച് കമ്പനി നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.
നിയമപ്രകാരമുള്ള അനുമതിയോടെ പാറ പൊട്ടിച്ചു കൊണ്ടുപോകുന്നതു പരിസരവാസികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ സംരക്ഷണത്തിന് പോലീസ് നടപടിയെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
രാപകൽ ഭേദമില്ലാതെ പാറയുമായി വലിയ വാഹനങ്ങൾ കടന്നുപോകുന്നതു ജീവനു ഭീഷണിയാകുന്ന സാഹചര്യത്തിലാണ് എതിർത്തതെന്നു പരിസരവാസികൾ വിശദീകരിച്ചു.
എന്നാൽ തുറമുഖ നിർമാണത്തിനായി നിയമപ്രകാരമുള്ള അനുമതിയോടെ പാറ പൊട്ടിച്ചു കൊണ്ടുപോകുന്നതു തടസ്സപ്പെടുത്താനാവില്ലെന്നു കോടതി പറഞ്ഞു. പക്ഷേ, നാട്ടുകാർക്ക് റോഡ് ഉപയോഗിക്കാൻ തടസ്സമുണ്ടാക്കുന്നുവെന്ന് പരാതിയുണ്ടെങ്കിൽ പരിഗണിക്കണം. ക്വാറി പ്രവർത്തനവും വാഹനങ്ങളിൽ പാറ കൊണ്ടുപോകുന്നതും ജനങ്ങൾക്ക് അപകടമോ ശല്യമോ ഉണ്ടാക്കുന്ന തരത്തിലാകരുതെന്നും നിർദേശിച്ചു. ഇക്കാര്യം ഉറപ്പാക്കുമെന്ന് കമ്പനി ഉറപ്പു നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..