ലഹരിക്കൊലപാതകം...


കൊച്ചി: കേവലം രണ്ടാഴ്ച മാത്രം പരിചയമുള്ള 22-കാരനെ അതിഥിയായെത്തിയ യുവാവ് കൊലപ്പെടുത്തിയതെന്തിന്? പോലീസിന്റെ അന്വേഷണം ചെന്നെത്തിയത് ലഹരി വ്യാപാര തർക്കത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്. കൊല്ലപ്പെട്ട സജീവും പിടിയിലായ സുഹൃത്ത് അർഷാദും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലേക്ക്‌ നയിച്ചതായി അന്വേഷക സംഘം സംശയിക്കുന്നു. അർഷാദിനെതിരേ കൊണ്ടോട്ടിയിൽ മോഷണക്കേസുമുണ്ട്. സജീവും സംഘവും താമസിച്ചിരുന്ന ഫ്ലാറ്റിലെ സ്ഥിരം താമസക്കാരനായിരുന്നില്ല അർഷാദ്. ഇരുപതാം നിലയിൽ താമസിച്ചിരുന്ന ആദിഷിന്റെ സുഹൃത്തായിരുന്നു ഇയാൾ. ആദിഷിന്റെ ഭാര്യ ഗർഭിണിയായതിനെ തുടർന്ന് രണ്ടാഴ്ചയായി അർഷാദ് സജീവിന്റെ മുറിയിലായിരുന്നു താമസം. സജീവ് താമസിച്ചിരുന്ന മുറിയിൽ മദ്യപാനം നടക്കുന്നതായി മറ്റ് ഫ്ലാറ്റ് ഉടമകൾ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഫ്ലാറ്റിന്റെ കെയർടേക്കർ ജലീൽ ഇവരോട് മുറി ഒഴിയാൻ ആവശ്യപ്പെട്ടു. മുറി മാറാൻ ഇവർ ഒരാഴ്ച സമയം ചോദിച്ചിരുന്നതായും ജലീൽ പറഞ്ഞു.

സജീവിന്റെ ശരീരത്തിൽ 25-ലേറെ പരിക്കുകൾ

: കൊല്ലപ്പെട്ട സജീവിന്റെ ശരീരത്തിൽ ഇരുപതിലേറെ പരിക്കുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നും കണ്ടെത്തി. അടുക്കളയിൽ ഉപയോഗിക്കുന്ന തരം കത്തി കൊണ്ടാണ് കുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കത്തികൊണ്ട് തലയിലും നെഞ്ചിലും കഴുത്തിലും ഉണ്ടായ മുറിവാണ് മരണ കാരണം. ശരീരമാസകലം കുത്തേറ്റ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു. തലയിലും കഴുത്തിലുമടക്കം 25- ലേറെ മുറിവുകളുണ്ട്. പുറത്തും അഞ്ചിലേറെ തവണ കുത്തിയിട്ടുണ്ട്. ഇടച്ചിറയിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ചയാണ് സജീവ് കൃഷ്ണനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സജീവ് ഉൾപ്പെടെ അഞ്ചു യുവാക്കൾ വാടകയ്ക്ക് താമസിച്ചിരുന്ന 16-ാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയോടു ചേർന്ന ഡക്ടിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേർ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കേസിൽ കൂടുതൽ പേർക്ക്‌ പങ്കുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. സുഹൃത്തുക്കളുടെ വിശദമായ െമാഴി രേഖപ്പെടുത്തും. അതിനിടെ അർഷാദിന്റെ കൈവശം ലഹരി കണ്ടെത്തിയതിനാൽ അതിനും കേസ് ഉണ്ടാകും. ഇതേത്തുടർന്ന്‌ ഇയാളെ വ്യാഴാഴ്ചയേ കാസർകോട്ടുനിന്ന് കൊച്ചിയിലെത്തിക്കൂ. ഇതിനുശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യൽ.

ഫ്ലാറ്റിൽ നേരത്തേ മുതൽ പ്രശ്നങ്ങൾ-സിറ്റി പോലീസ് കമ്മിഷണർ

ഫ്ലാറ്റിൽ നേരത്തേ മുതൽ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നതായും എന്നാൽ ആരും പോലീസിനെ അറിയിച്ചില്ലെന്നും സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ഫ്ലാറ്റുകളിൽ സി.സി.ടി.വി. സ്ഥാപിക്കണമെന്നും അജ്ഞാതർ വന്നാൽ അറിയിക്കണമെന്നുമുള്ള നിർദേശം കൊലപാതകം നടന്ന കാക്കനാട്ടെ ഫ്ലാറ്റിൽ പാലിച്ചില്ലെന്ന് കമ്മിഷണർ വ്യക്തമാക്കി.

പോലീസ് പരിശോധനയിൽ ഫ്ലാറ്റിൽനിന്ന് ലഹരി മരുന്ന് ലഭിച്ചില്ല. പക്ഷേ, ലഹരി ഉപയോഗിച്ചതിന്റെ തെളിവുകൾ പോലീസിനു കിട്ടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..