ഭാര്യയെ അധിക്ഷേപിക്കുന്നതും മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും ക്രൂരത


വിവാഹമോചനം അനുവദിച്ചതിനെതിരായ ഭർത്താവിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഭാര്യ താൻ പ്രതീക്ഷിച്ചപോലെ ആകുന്നില്ലെന്ന് നിരന്തരമായി അധിക്ഷേപിക്കുന്നതും മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും മാനസികമായ ക്രൂരതയുടെ പരിധിയിൽവരുമെന്ന് ഹൈക്കോടതി. വിവാഹമോചനത്തിന് ഇതു മതിയായ കാരണമാണെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കീഴ്‌ക്കോടതി വിധിക്കെതിരേ ഭർത്താവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന് ഭർത്താവ് നിരന്തരം അധിക്ഷേപിക്കുമായിരുന്നെന്നും സൗന്ദര്യത്തിന്റെ കാര്യത്തിൽ മറ്റുള്ളവരുമായി താരതമ്യംചെയ്ത് ആക്ഷേപിക്കുമെന്നുമായിരുന്നു യുവതിയുടെ പരാതി. തന്റെ വിശ്വാസ്യതയെയും ഭർത്താവ് സംശയിച്ചു. മൊബൈൽ ഫോൺ സന്ദേശങ്ങളെയെല്ലാം സംശയത്തോടെയാണ് കണ്ടത്. ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണവുമുണ്ട്.

ശാരീരിക ആക്രമണം മാത്രമല്ല വാക്കുകൾകൊണ്ടുള്ള അധിക്ഷേപവും ക്രൂരതയുടെ പരിധിയിൽവരും. കേസിലെ കക്ഷികളായ ഇരുവരും സോഫ്റ്റ്‌വേർ എൻജിനിയർമാരായിരുന്നു. 2009 ജനുവരി 17-നായിരുന്നു വിവാഹം. ആ വർഷം നവംബർ രണ്ടിനുതന്നെ വിവാഹമോചനത്തിനായി യുവതി കോടതിയെ സമീപിച്ചു. ഏറ്റുമാനൂർ കുടുംബക്കോടതി ഉത്തരവിനെതിരേയായിരുന്നു ഭർത്താവിന്റെ അപ്പീൽ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..