കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഒാണത്തിന്റെ ആഹ്ലാദം ഉണ്ടാകില്ലെന്ന് ഹൈക്കോടതി


10-നുമുമ്പ് ശമ്പളം നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ അതൃപ്തി

കൊച്ചി: കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ജൂലായിലെ ശമ്പളം ഓഗസ്റ്റ് 10-നകം നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഉത്തരവ് ഗൗരവകരമായി എടുത്തിരുന്നെങ്കിൽ ശമ്പളം നൽകാനാകുമായിരുന്നെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഇത്തവണ ഓണത്തിന്റെ ആഹ്ലാദം ഉണ്ടാകാൻ സാധ്യതയില്ലെന്നും അഭിപ്രായപ്പെട്ടു.

ശമ്പളം നൽകാൻ പണമില്ലെന്നാണ് കെ.എസ്.ആർ.ടി.സി. പറയുന്നത്. അതിനാൽ ഉറപ്പുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുവരണം. അതല്ലെങ്കിൽ ആസ്തി വിൽക്കണം. രണ്ടാണെങ്കിലും സർക്കാരിന്റെ പങ്കുണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ശമ്പളം യഥാസമയം നൽകാത്തതിനെതിരേ ജീവനക്കാർ നൽകിയ ഹർജിയാണ് പരിഗണനയിലുള്ളത്. വിഷയം മന്ത്രിമാർ തൊഴിലാളിയൂണിയനുമായി ചർച്ചചെയ്യുന്നുണ്ടെന്നും തീരുമാനം അറിയിക്കാൻ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹർജി 24-ന് പരിഗണിക്കാൻ മാറ്റി.

മുഖ്യമന്ത്രി യോഗം വിളിക്കുമെന്ന് പറഞ്ഞിട്ട് എന്തായി എന്നും ആരാഞ്ഞു. ഔദ്യോഗികമായി യോഗം നടന്നില്ലെങ്കിലും മറ്റ് ചർച്ചകൾ നടന്നിരുന്നെന്നായിരുന്നു സർക്കാരിന്റെ മറുപടി.

ശമ്പളംനൽകാതെ ചർച്ചനടത്തിയിട്ട് എന്തു പ്രയോജനമെന്ന് കോടതി ചോദിച്ചു. ശമ്പളം കൊടുക്കില്ലെങ്കിൽ അതു പറയണം. എല്ലാവരും ഓണം ആഘോഷിക്കുമ്പോൾ കെ.എസ്.ആർ.ടി.സി. ജീവനക്കാർ പട്ടിണിയിലായിരിക്കും -കോടതി അഭിപ്രായപ്പെട്ടു. ശമ്പളം നൽകുന്നകാര്യത്തിൽ സാവകാശംതേടി കെ.എസ്.ആർ.ടി.സി. കഴിഞ്ഞദിവസം ഉപഹർജിയും നൽകിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..