എം.ജി. സർവകലാശാല സാമ്പത്തിക പ്രതിസന്ധിയിൽ


കോട്ടയം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ്‌ മഹാത്‌മാഗാന്ധി സർവകലാശാല. സർക്കാർ ഗ്രാന്റ് വൈകിയതിനെത്തുടർന്ന്‌ തനതുഫണ്ടിൽനിന്നുള്ള തുക വിനിയോഗിച്ചാണ്‌ ഓഗസ്‌റ്റിൽ ശമ്പളം കൊടുത്തത്‌. ശമ്പളത്തിനും മറ്റ്‌ ചെലവുകൾക്കുമായാണ്‌ നോൺ പ്ലാൻഫണ്ടായി സർക്കാർ ഗ്രാന്റ്‌ അനുവദിക്കുന്നത്‌.

സർക്കാർ ഗ്രാന്റായ 16.3 കോടി രൂപ പത്തുദിവസം വൈകിയാണ്‌ ലഭിച്ചത്‌. ഒരുമാസം ശമ്പളത്തിനും പെൻഷനുമായി വേണ്ടത്‌ 18.5 കോടി രൂപയാണ്‌. പെൻഷൻ കൊടുക്കാൻ 8.5 കോടി വേണം. സ്‌ഥിരം ജീവനക്കാരും കരാറുകാരുമുൾപ്പെടെ 1700 ജീവനക്കാരുണ്ട്‌. എല്ലാ ചെലവുകളുമുൾപ്പെടെ ഒരുമാസം വേണ്ടത്‌ 24.5 കോടി രൂപയാണ്‌.

പ്ലാൻഫണ്ടിനത്തിൽ ഒരുവർഷം സർക്കാർ നൽകുന്നത്‌ 34.5 കോടി രൂപയാണ്‌. ഇത്‌ കൃത്യമായി കിട്ടുന്നില്ലെന്ന്‌ സർവകലാശാലാ അധികൃതർ പറയുന്നു. ജീവനക്കാരുടെ ഡി.എ. കുടിശ്ശിക, വിരമിച്ചവരുടെ ആനുകൂല്യങ്ങൾ എന്നിവ കൊടുത്തുതീർക്കാൻ സർവകലാശാലയ്‌ക്ക്‌ ഇപ്പോൾ 120 കോടിയുടെ ബാധ്യതയുണ്ട്‌.

ഇപ്പോൾ അടിയന്തരമായി 50 കോടി അഡീഷണൽ ഗ്രാന്റായി അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ വൈസ്‌ ചാൻസലർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‌ കത്തയച്ചിട്ടുണ്ട്‌.

മുമ്പുണ്ടായിരുന്ന ഓഫ്‌ കാമ്പസ്‌ കോഴ്‌സുകളും സെൽഫ്‌ ഫൈനാൻസിങ്‌ കോഴ്‌സുകളും ഇല്ലാതായതാണ്‌ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചത്‌. 2018-ൽ സീപാസ്‌ വന്നതോടെ മെഡിക്കൽ പാരാമെഡിക്കൽ കോഴ്‌സുകൾ സർവകലാശാലയിൽ നിന്ന്‌ മാറിയതും തിരിച്ചടിയായി.

അക്കാദമിക്‌ മികവ്‌ ഉയർത്തി പുതിയ കോഴ്‌സുകളിലൂടെ സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്‌ സർവകലാശാലാ അധികൃതർ. പുതുതായി ആരംഭിച്ച ഓൺലൈൻ എജുക്കേഷനിലൂടെ ഒരുവർഷം 15 കോടി രൂപയാണ്‌ പ്രതീക്ഷിക്കുന്നത്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..