മുഖംതിരിച്ച് നിർമാതാക്കൾ; സർക്കാർ ഒ.ടി.ടി.യിൽ നൂറിൽത്താഴെ ചിത്രങ്ങൾ മാത്രം


പരിശോധിക്കാൻ സമിതി

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിനു കീഴിൽ നവംബർ ഒന്നിന് പ്രവർത്തനം ആരംഭിക്കുന്ന ’സി സ്‌പേസ്’ എന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് നൂറിൽത്താഴെ സിനിമകൾ മാത്രം.

പ്ലാറ്റ്ഫോം സംബന്ധിച്ച് നിർമാതാക്കളുടെ ആശങ്കകളാണ് സിനിമകളുടെ എണ്ണം കുറയാൻ കാരണം. ഇതെല്ലാം പരിഹരിച്ച് മെച്ചപ്പെട്ട പ്രദർശന സൗകര്യം ഒരുക്കാനാണ് പ്ലാറ്റ്ഫോം കൈകാര്യംചെയ്യുന്ന ചലച്ചിത്ര വികസന കോർപ്പറേഷൻ(കെ.എസ്.എഫ്.ഡി.സി.) ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ചിത്രാഞ്ജലിയുടെ പാക്കേജിൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ പുറത്തുവന്നതും അഞ്ചോ പത്തോ വർഷത്തിനിടെ സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചതുമായ മലയാളസിനിമകളും സി സ്‌പേസിൽ ഉൾപ്പെടുത്തും.

സർക്കാരിന്റെ ചുമതലയിൽ സിനിമാസ്വാദനത്തിന് ഇത്തരമൊരു സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും കേരളം. കോവിഡ് കാലത്ത് നിരവധി ചിത്രങ്ങൾ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിൽ എത്തിയതാണ് സർക്കാരിനുകീഴിലും സമാനമായൊരു ഇടം ഉണ്ടാകണമെന്ന ആശയം രൂപപ്പെട്ടത്. തിേയറ്റർകാലം കഴിഞ്ഞും സിനിമകളിലൂടെ നിർമാതാക്കൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. പുതിയ സിനിമകൾ നവംബർ ഒന്നിനുശേഷമേ രജിസ്റ്റർ ചെയ്യൂ.

പരിശോധിക്കാൻ സമിതി

രജിസ്റ്റർ ചെയ്യുന്ന എല്ലാ സിനിമകളും സി സ്‌പേസിൽ ഉൾപ്പെടുത്തില്ല. തിരഞ്ഞെടുക്കാൻ രണ്ടോ മൂന്നോ പേരടങ്ങിയ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തും. കലാ, സാംസ്‌കാരിക സമിതിയിൽനിന്ന് ഉൾപ്പെടുത്തേണ്ട അംഗങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറായിട്ടുണ്ട്. കോർപ്പറേഷന്റെ തിേയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് മുൻഗണന നൽകും. രാജ്യാന്തര ചലച്ചിത്രമേളകളിലെ സിനിമകളും ഉൾപ്പെടുത്തും. റിലീസ് കഴിഞ്ഞ സിനിമകൾ ഒ.ടി.ടി.ക്ക്‌ കൈമാറുന്നതിനാൽ തിേയറ്റർ വ്യവസായത്തിനു നഷ്ടമുണ്ടാകില്ലെന്നാണ് സർക്കാരിന്റെ ഉറപ്പ്.

നല്ല സിനിമകൾക്ക് ഒരിടം

സി സ്‌പേസിന്റെ പ്രവർത്തനത്തിനു മാർഗരേഖ വരും. മിക്കപ്പോഴും നല്ല സിനിമകൾക്ക് തിേയറ്ററുകളിൽ ഇടംകിട്ടാതെ പോകുന്നുണ്ട്. അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കലും ലക്ഷ്യമിടുന്നു. മാറുന്ന സാങ്കേതികവിദ്യയ്ക്കനുസരിച്ച് പുതിയ ദൃശ്യസാക്ഷരതയ്ക്ക് ചലച്ചിത്ര വികസന കോർപ്പറേഷനും വഴിയൊരുക്കുകയാണ്.

-ഷാജി എൻ.കരുൺ, ചെയർമാൻ, ചലച്ചിത്ര വികസന കോർപ്പറേഷൻ

വരട്ടെ, കാത്തിരിക്കാം

കോവിഡ് മാറിയശേഷം തിേയറ്ററിലേക്ക്‌ കാണികൾ എത്തുന്നുണ്ട്. നിർമാതാക്കൾക്ക് ഒ.ടി.ടി. പ്ലാറ്റ്ഫോം പുതിയൊരു വരുമാനമാകും. സർക്കാർ മുൻകൈയെടുത്തുള്ള സി സ്‌പേസ് വരട്ടെ, കാത്തിരിക്കാം. എല്ലാ ആശങ്കകളും തീർക്കണം. തിേയറ്ററുകൾക്കുണ്ടായ അവസ്ഥ സി സ്‌പേസിനു ഉണ്ടാകരുത്.

-എം.രഞ്ജിത്, പ്രസിഡന്റ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..