തലവനെതിരേ പോരിനിറങ്ങി സർവകലാശാല ; ചാൻസലർക്കെതിരേ സർവകലാശാലയുടെ കേസ് അത്യപൂർവം


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ| Photo: Mathrubhumi

തിരുവനന്തപുരം : ചാൻസലറായ ഗവർണർക്കെതിരേ അദേഹത്തിന്റെ കീഴിലുള്ള സർവകലാശാല കേസിന് ഇറങ്ങുന്നത് നിയമവഴിയിൽ പുതുചരിത്രമാകും. നിയമപ്രകാരം സർവകലാശാലയുടെ തലവനാണ് ചാൻസലർ. ചാൻസലർ, വിദ്യാഭ്യാസമന്ത്രിയായ പ്രൊ-ചാൻസലർ, വൈസ് ചാൻസലർ, പ്രൊ-വൈസ് ചാൻസലർ, സിൻഡിക്കേറ്റ്, സെനറ്റ് എന്നിവരുൾപ്പെടുന്നതാണ് സർവകലാശാലാ ഭരണകൂടം. ഈ സംവിധാനത്തിൽ ഒരുഘടകം മറ്റൊരു ഘടകത്തിനെതിരായി കേസ് നടത്തുന്നത് അത്യപൂർവമാണ്. ഇതാണ് കണ്ണൂർ സർവകലാശാലയുടെ കാര്യത്തിൽ നടക്കാനിരിക്കുന്നത്.

നിയമപരമായോ, ധാർമികമായോ ചാൻസലറുടെ തീരുമാനങ്ങൾക്കെതിരേ സർവകലാശാല നിയമപോരാട്ടം നടത്തുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്കെതിരാണെന്നാണ് ഒരു വ്യാഖ്യാനം. രാഷ്ട്രപതി വിസിറ്ററായിരിക്കുന്ന കേന്ദ്രസർവകലാശാലകളിൽ വിസിറ്റർക്കെതിരേ സർവകലാശാല കേസ് നടത്തുന്നതുപോലാണിതെന്നും ഒരുവിഭാഗം നിയമവിദഗ്ധർ പറയുന്നു.

ഇതേസമയം ഗവർണർക്കാണ് ഭരണഘടനാ പരിരക്ഷയുള്ളത്. ചാൻസലർ പദവിയിലിരുന്ന് ഗവർണറെടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽ ചോദ്യംചെയ്യപ്പെടുന്നതിന് നിയമതടസ്സമില്ലെന്നതാണ് മറുവശം.

സംസ്കൃത സർവകലാശാലയുമായി ബന്ധപ്പെട്ട് ഗവർണറുടെ തീരുമാനത്തിനെതിരേ വൈസ് ചാൻസലർ കോടതിയെ സമീപിച്ച സംഭവമുണ്ടായിരുന്നു. ഇക്കാര്യം ഗവർണർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സർക്കാർ ഇടപെട്ട് വി.സി.യെക്കൊണ്ട് കേസ് പിൻവലിപ്പിച്ചു. സർവകലാശാല പിരിച്ചുവിട്ട ഒരാളെ തിരിച്ചെടുക്കാൻ ഹിയറിങ് നടത്തിയശേഷം ഗവർണർ ഉത്തരവിട്ടതായിരുന്നു കേസിലേക്ക് നയിച്ചത്.

കണ്ണൂർ സർവകലാശാലാ വി.സി. നിയമനത്തിലും സമാനപ്രശ്നമുണ്ടായി. താൻ സമ്മർദത്തിന് വഴങ്ങിയെന്ന ഗവർണറുടെ പ്രസ്താവനയെത്തുടർന്ന് നിയമനവുമായി ബന്ധപ്പെട്ടുവന്ന കേസിൽ സർവകലാശാലയ്ക്കും ഗവർണർക്കും ഭിന്നാഭിപ്രായമായിരുന്നു. ഈ കേസിൽ ചാൻസലർ പ്രത്യേക അഭിഭാഷകനെ നിയോഗിച്ചു. എന്നാൽ, ഇരുകൂട്ടരുടെയും അഭിഭാഷകർക്ക് കോടതിയിൽ പോരടിക്കേണ്ട സാഹചര്യമുണ്ടായില്ല. കേസുമായി ബന്ധപ്പെട്ട ഫയൽ കോടതി ആവശ്യപ്പെടുന്നപക്ഷം നൽകാമെന്ന് ചാൻസലറുടെ അഭിഭാഷകൻ പറഞ്ഞെങ്കിലും വേണ്ടെന്ന നിലപാട് കോടതിയെടുത്തു.

തീരുമാനമെടുക്കുന്നതിൽ സർവകലാശാലയുടെ അധികാരം സംരക്ഷിക്കാനാണ് ചാൻസലർക്കെതിരേ കോടതിയെ സമീപിക്കുന്നതെന്നാണ് മറുവാദം. അതു ചാൻസലറായ ഗവർണർക്കെതിരേയുള്ള പടയൊരുക്കമായി കാണേണ്ടതില്ല. മേലധികാരിയുടെ നടപടിയിൽ ആവലാതിയുണ്ടെങ്കിൽ അതു പരിഹരിക്കാൻ സർവകലാശാലയ്ക്ക് നിയമവഴി തിരഞ്ഞെടുക്കാൻ തടസ്സമില്ല.

നിയമവിധേയമായിട്ടുള്ള ഭരണനിർവഹണസമിതി കൈക്കൊണ്ട ഒരു നടപടിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെട്ടാൽ അതിനാസ്പദമായ തീരുമാനത്തിന്റെ പവിത്രത തെളിയിക്കാൻ സർവകലാശാലയ്ക്ക് ഉത്തരവാദിത്വമുണ്ട്. സർക്കാർ തീരുമാനങ്ങൾക്കെതിരേ സർവകലാശാലകൾ കോടതിയെ സമീപിക്കാറുള്ളതും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..