പെരുമ്പിലാവ്: ഒന്നാംവിള നെൽകൃഷിയുടെ കൊയ്ത്ത് സംസ്ഥാനത്ത് തുടങ്ങിയെങ്കിലും നെല്ല്സംഭരണ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സപ്ലൈകോ വഴി സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ഓഗസ്റ്റ് ആദ്യ ആഴ്ചയിൽത്തന്നെ തുടങ്ങിയതാണ്. എന്നാൽ തുടർ പ്രവർത്തനം എങ്ങും എത്തിയിട്ടില്ല. ഓഗസ്റ്റ് പകുതിയോടെ പല പാടശേഖരങ്ങളിലും കൊയ്ത്ത് തുടങ്ങി. കൊയ്‌തെടുത്ത നെല്ല് കർഷകർതന്നെ സൂക്ഷിച്ച് സംഭരിച്ച് വയ്ക്കേണ്ട സ്ഥിതിയാണ്. മഴയായതിനാൽ കർഷകർക്ക് ഇത് വലിയ ബാധ്യതയുമാണ്. ഒന്നാം വിള വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ചു വേണം രണ്ടാം വിള ഇറക്കാൻ. ബാധ്യതകൾ തീർക്കുകയും വേണം. സംഭരണത്തിനായി മില്ലുകൾ തയ്യാറാവാത്ത സാഹചര്യമാണ്. നിലവിൽ രണ്ട് പുതിയ മില്ലുകൾ മാത്രമാണ് സംഭരണത്തിന് തയ്യാറായത്. കഴിഞ്ഞ വർഷം അമ്പതോളം മില്ലുകളുണ്ടായിരുന്നു. സംഭരിക്കുന്ന മില്ലുകളുമായി കരാർ ഉൾപ്പെടെയുള്ള നടപടികളുമുണ്ട്. മില്ലുടമകളുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായാലേ ഇതെല്ലാം തുടങ്ങാനാകൂ.
വലിയ സാമ്പത്തിക ബാധ്യതയാകും
സംഭരിച്ച നെല്ലിന്റെ 64.5 ശതമാനം അരി തിരികെ നൽകണമെന്നതാണ് നിലവിലുള്ള സർക്കാർ വ്യവസ്ഥ. എന്നാൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം മുമ്പുണ്ടായിരുന്ന 68 ശതമാനം നൽകേണ്ട സാഹചര്യമാണുള്ളത്. സംസ്ഥാനത്തെ കാർഷിക സാഹചര്യമനുസരിച്ച് 64 ശതമാനം അരിയാണ് തിരിച്ചു നൽകാനാകുകയെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റിതന്നെ കണ്ടെത്തിയതാണ്. ഇതിനു പുറമേ 2017 മുതലുള്ള സംഭരണ കൈകാര്യച്ചെലവിന്റെ സപ്ലൈകോ അനുവദിച്ചതിലും അധികമായി ജി.എസ്. ടി. അടയ്ക്കാനായി ജി.എസ്.ടി. വകുപ്പ് കത്ത് നൽകിയിരിക്കുകയാണ്. ഇത് മില്ലുടമകൾക്ക് വൻ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇതുകൂടാതെ 2018-ൽ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരത്തുകയായ 15 കോടിയോളം രൂപ സപ്ലൈകോ തടഞ്ഞുവെച്ചതും മില്ലുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണ്. - വർക്കി പീറ്റർ, ജനറൽ സെക്രട്ടറി, കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷൻ.
കേടാകാത്ത സംഭരണം ഉണ്ടാകണം
കൊയ്‌തെടുത്ത നെല്ല് അന്നുതന്നെ കേടാകാതെ സംഭരിക്കാനാവശ്യമായ നടപടികൾ ഉണ്ടാകണം. മഴ സീസണായതിനാൽ വീടുകളിൽ സൂക്ഷിക്കുക പ്രായോഗികമല്ല. കർഷകരെ നെല്ലിന്റെ ഗുണനിലവാരമില്ലാത്തതിന്റെ കിഴിവ് എന്ന് പറഞ്ഞ് മില്ലുകാർ നടത്തുന്ന ചൂഷണത്തിൽനിന്ന് ഒഴിവാക്കാനും നടപടികൾ വേണം. -വിൽസൺ പൂലിക്കോട്ടിൽ, സെക്രട്ടറി, പഴുന്നാന പാടശേഖര സമിതി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..