ബെംഗളൂരിഗെ ഹൊഗബെക്കു... ഒരു പകൽതീവണ്ടി


കണ്ണൂർ: മലബാറുകാർക്ക് ബെംഗളൂരുവിലേക്ക് ഒരു പകൽതീവണ്ടി വേണം. ഇപ്പോഴുള്ളത് രണ്ട് രാത്രി വണ്ടികൾ മാത്രം. ഒന്ന് ഷൊർണൂർ വഴി കണ്ണൂർ-യശ്വന്ത്പുര എക്‌സ്‌പ്രസ്. 1508 പേർക്ക് കയറാം. മറ്റൊന്ന് മംഗളൂരുവഴി കണ്ണൂർ-ബെംഗളൂരു എക്‌സ്‌പ്രസ്. യാത്ര ചെയ്യാവുന്നത് 1052 പേർക്ക്. പക്ഷേ, ഇതിന്റെ ഇരട്ടിയിലധികം യാത്രക്കാർ പുറത്തുണ്ട്.

സീറ്റും ബെർത്തും കിട്ടാതെ ഒടുവിൽ റോഡ് ഡ്രൈവിങ് നടത്തുന്നവർ നിരവധി. അടിയന്തരയാത്ര മുടങ്ങിയവർ വെറെ. മലയാളികളുടെ ദുരിതയാത്രകണ്ട് കന്നഡ സുഹൃത്തുക്കളും പറഞ്ഞുതുടങ്ങി: ബെംഗളൂരിഗെ ഹൊഗബെക്കു, ഉഗി ബണ്ടി (വേണം ബെംഗളൂരുവിലേക്ക്... ഒരു തീവണ്ടി). കേരളത്തിലെ യാത്രക്കാർക്ക് കണ്ണൂർ/കോഴിക്കോട്ടുനിന്ന് ഒരു പകൽവണ്ടി വേണം. മംഗളൂരു/ഷൊറണൂർ റൂട്ടിൽ. ഇതിന് രണ്ട്‌ സോണുകളുടെ (സതേൺ, സൗത്ത്-വെസ്റ്റേൺ) അനുമതി വേണം.പത്തുലക്ഷത്തിലധികം മലയാളികളുണ്ട് ബെംഗളൂരുവിൽ. അവർക്കായി കേരളത്തിലേക്ക് തീവണ്ടി സർവീസ് അനുവദിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. മുടക്കാൻ എന്നും സ്വകാര്യ ബസ് ലോബി കളിച്ചു. നീണ്ട കാത്തിരിപ്പിനുശേഷം രണ്ടു വണ്ടി കിട്ടി. മംഗളൂരുവഴിയുള്ള വണ്ടി. പക്ഷേ, കോഴിക്കോട്ടുകാർക്ക് കാര്യമില്ല.

ബെംഗളൂരുവിലേക്ക് ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരുണ്ട്. എന്നാൽ സീറ്റ് കിട്ടാതെ പോകുന്നവരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലധികം വരും. ഓണവും വിഷുവും അടുത്താൽ റെയിൽവേയ്ക്ക് ഇരട്ടമുഖമാണ്. പ്രീമിയം തത്കാലിൽ കഴുത്തറുപ്പൻ നിരക്ക് വാങ്ങും. ഈ ഓണത്തിന് കണ്ണൂർ-യശ്വന്തപുര തീവണ്ടിക്ക്‌ സ്ലീപ്പറിൽ 370 രൂപയുള്ളത് 1155 രൂപയായി. 1000 രൂപയുള്ള തേർഡ് എ.സി.യിൽ 3350 രൂപ നൽകി. ബസുകളും നിരക്ക് കുത്തനെ ഉയർത്തി. കണ്ണൂർ-ബെംഗളൂരു 800-900 രൂപയെന്നത് 2000 രൂപവരെ വാങ്ങി.

പല യാത്രക്കാർ, ഒരു വണ്ടി

കണ്ണൂർ-യശ്വന്ത്പുരയിലെ യാത്രക്കാർ: കണ്ണൂരിൽനിന്ന് ഐ.ടി. പ്രൊഫഷണലുകൾ, വിവിധ കോളേജുകളിൽ പഠിക്കുന്നവരുടെ രക്ഷിതാക്കൾ, തലശ്ശേരിയിൽനിന്നുള്ള ബേക്കറിക്കാർ. ക്രൈസ്റ്റ് കോളേജിൽ ഉൾപ്പെടെ പഠിക്കുന്നവർ കോഴിക്കോട്ടുനിന്ന് കയറുന്നു. മലപ്പുറത്തുനിന്നും തിരൂരിൽനിന്നും ബെംഗളൂരുവിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവരും ജോലിക്കാരും വടക്കേ ഇന്ത്യയിലേക്ക് കണക്ഷൻ വണ്ടി പിടിക്കാൻ കയറുന്ന മറുനാട്ടുകാരും.

വിനോദയാത്രക്കാർ, കച്ചവടക്കാർ, ലഗേജ് വാൻ ബുക്ക് ചെയ്ത് ഇലക്‌ട്രോണിക്സ്‌ സാധനങ്ങൾ എടുക്കാൻ പോകുന്നവർ, ബെംഗളൂരു വിമാനത്താവളത്തിലേക്കും ആസ്പത്രികളിലേക്കുമുള്ളവർ.

കണ്ണൂർ-യശ്വന്ത്പുര എക്സ്പ്രസ്‌ (16528)

(ഷൊർണൂർ വഴി)

ആകെ 653 കിലോമീറ്റർ. 17 സ്റ്റോപ്പുകൾ. പുറപ്പെടുന്നത്: കണ്ണൂർ-വൈകീട്ട് 6.05. യശ്വന്ത്പുർ-രാവിലെ 7.50. എടുക്കുന്ന സമയം-14 മണിക്കൂർ. കോച്ചുകൾ: 13 സ്ലീപ്പർ, നാല് എ.സി., രണ്ട് ജനറൽ. ആകെ യാത്ര 1508 പേർക്ക്. നിരക്ക്: ജനറൽ- 200 രൂപ, സ്ലീപ്പർ-370, തേർഡ് എ.സി.-1000, സെക്കൻഡ്‌ എ.സി.-1430.

കണ്ണൂർ-ബെംഗളൂരു എക്‌സ്‌പ്രസ് (16512)

(മംഗളൂരു വഴി)

ആകെ-499 കിലോമീറ്റർ. 17 സ്റ്റോപ്പുകൾ. പുറപ്പെടുന്നത്: കണ്ണൂർ-വൈകീട്ട് 5.05. ബെംഗളൂരു-രാവിലെ 6.30. എടുക്കുന്ന സമയം-14 മണിക്കൂർ. കോച്ചുകൾ: എട്ട് സ്ലീപ്പർ, മൂന്ന് എ.സി., നാല് ജനറൽ. 1052 പേർക്ക് യാത്ര ചെയ്യാം. നിരക്ക്: ജനറൽ-160 രൂപ, സ്ലീപ്പർ-325, തേർഡ് എ.സി.-885, സെക്കൻഡ്‌ എ.സി.-1260.

ബസുകൾ

കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സിക്ക് ആറ് സർവീസ്. മൈസൂരുവിലേക്ക് എട്ടെണ്ണം. സ്വകാര്യ ബസുകൾ എട്ടെണ്ണം ഓടുന്നു. മാനന്തവാടി വഴിയാണ് റൂട്ട്. കണ്ണൂരിൽനിന്ന് മൂന്ന് കെ.എസ്.ആർ.ടി.സി. ബസുകൾ. ഡീലക്സ് ബസിന് 630 രൂപ. പത്തിലധികം സ്വകാര്യ ബസ് ഓടുന്നു. കണ്ണൂർ-ബെംഗളൂരു 800-900 രൂപ. സീസണിൽ 2000 രൂപവരെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..