സ്പെയിനിൽ കൊല്ലംകാരിയുടെ ചിത്രപ്രദർശനം-‘നാസിഡാ എൻ കൊല്ലം’


കൊല്ലം: സ്പെയിനിലെ ആൽബസിറ്റിയിൽ കൊല്ലംകാരിയുടെ ചിത്രപ്രദർശനം. അവിടത്തെ പ്രശസ്ത ചിത്രകാരൻ അൽഫോൺസ് റൂയിസിന്റെ ജലച്ചായ ചിത്രങ്ങൾക്കൊപ്പം നിഷാ രമേശിന്റെ പെൻവരകളും. നിഷയുടെ ഇങ്ക് ആൻഡ്‌ പെൻ ഡ്രോയിങ് ചിത്രങ്ങൾ ഇഷ്ടപ്പെട്ടാണ് പ്രദർശനത്തിനായി സ്പെയിനിലേക്ക് ക്ഷണിച്ചത്.

2016-ൽ സ്പെയിനിലെ ലറോദയിൽ പ്രദർശനം നടത്തിയിരുന്നു. അന്ന് നിഷയ്ക്ക് പോകാൻ പറ്റിയില്ല. ചിത്രങ്ങൾമാത്രം അയച്ചു. അവയിൽ പലതും വിറ്റു. നല്ല അഭിപ്രായവും കിട്ടി. അതുകൊണ്ടാണ് വീണ്ടും ക്ഷണിച്ചത്. ഇത്തവണ പോകാനും രണ്ടാഴ്ച പങ്കെടുക്കാനും പറ്റി. ഒക്ടോബർ 16 വരെയാണ് പ്രദർശനം.സൂക്ഷ്മാംശങ്ങൾ അടങ്ങിയ രചനാശൈലിയാണ് ഈ ചിത്രകാരിയുടേത്. പ്രകൃതിയോടുള്ള ഇഷ്ടമാണ് ചിത്രങ്ങളിലൂടെ നിഷ ആവിഷ്കരിക്കുന്നത്. പോർട്രെയിറ്റും ഓയിൽ പേസ്റ്റും ചെയ്യാറുണ്ടെങ്കിലും സ്പെയിൻകാർക്ക് കൂടുതൽ ഇഷ്ടമായത് പെൻ ആൻഡ്‌ ഇങ്ക് വരകളാണ്.

‘‘പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് മത്സരങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടു. ജോലികിട്ടിയശേഷമാണ് വീണ്ടും ചിത്രരചനയിലേക്ക് വന്നത്. അങ്ങിനെ ഫെയ്‌സ്ബുക്കിലെ കലാകാരന്മാരുടെ ഫോറത്തിൽ അംഗമായി. അതുവഴിയാണ് അൽഫോൺസ റൂയിസ എന്റെ ചിത്രങ്ങൾ കാണുന്നത്. ചിത്രങ്ങൾ ഇഷ്ടപ്പെട്ട് സ്പെയിനിലേക്ക് ക്ഷണിച്ചപ്പോൾ വലിയ സന്തോഷം. കേരളത്തിൽപ്പോലും ഒരു പ്രദർശനം നടത്താത്തയാളാണ് ഞാൻ. ഈ പ്രദർശനവും ഇവിടെ കിട്ടിയ സ്വീകാര്യതയും വലിയ സന്തോഷമായി. ഒരു വിനോദസഞ്ചാരിയല്ലാതെ അവരോടൊപ്പം താമസിച്ച്, ആ സംസ്കാരത്തെ അടുത്തറിഞ്ഞ അനുഭവവും മറക്കാനാകില്ല. എത്രയോ പ്രശസ്തനായ ചിത്രകാരനായിട്ടും ബ്രോഷറിൽ അതിഥിയായ എന്റെ പേരാണ് അവരാദ്യം വെച്ചത്.’’-നിഷ പറഞ്ഞു. അതിലെ ആദ്യവരികളാണ് ‘നാസിഡാ എൻ കൊല്ലം’. കൊല്ലത്താണ് ജനിച്ചത് എന്നർഥം.

തേവള്ളി ആതിരയിൽ റിട്ട. ചീഫ് എൻജിനിയർ രമേശൻ ആചാരിയുടെയും സുലേഖയുടെ മകളാണ് നിഷ. ടി.കെ.എം. എൻജിനിയറിങ് കോളേജിൽനിന്ന് സിവിൽ എൻജിനിയറിങ് ബിരുദം കഴിഞ്ഞ് ഡൽഹിയിൽനിന്ന് ആർക്കിടെക്ചറിൽ ബിരുദാനന്തരബിരുദം നേടി. ബെംഗളൂരുവിൽ കത്തീബ് ആൻഡ്‌ അലാമി എൻജിനിയറിങ് കൺസൾട്ടൻസിയിൽ അർബൻ ഡിസൈനറാണ്. ജോലിക്കിടയിൽ രാത്രികൾ പകലാക്കിയാണ് ചിത്രരചന. ഭർത്താവ് ആൽബിൻ ജോർജും കൊല്ലം സ്വദേശിയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..