ഭൂകമ്പ സാധ്യത പ്രവചിക്കാൻ കുസാറ്റിൽ ഭൗമകേന്ദ്രം


കളമശ്ശേരി: ഭൂകമ്പ പ്രവചനത്തിനടക്കം പ്രയോജനപ്പെടുന്ന കേരളത്തിലെ ആദ്യ ഭൗമകേന്ദ്രം കൊച്ചി സർവകലാശാലയിൽ സ്ഥാപിച്ചു. മുംബൈ ഭാഭാ ആറ്റോമിക് റിസർച്ച് കേന്ദ്രം റേഡിയോളജിക്കൽ ഫിസിക്സ് ആൻഡ് അഡ്വൈസറി വിഭാഗം വികസിപ്പിച്ച സൗരോർജത്തിൽ പ്രവർത്തിക്കുന്ന റാഡോൺ ഭൗമകേന്ദ്രമാണ് തൃക്കാക്കര കാമ്പസിൽ സ്ഥാപിച്ചത്. ഇന്ത്യൻ നെറ്റ്‌വർക്ക് ഓഫ് ഡിറ്റക്ഷൻ ഓഫ് റാഡോൺ അനോമലി ഫോർ സീസ്മിക് അലർട്ട് എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായിട്ടുള്ള കേരളത്തിലെ ആദ്യ കേന്ദ്രമാണിത്. ഭൂകമ്പ സാധ്യതകൾ മനസ്സിലാക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം 100 സ്റ്റേഷനുകൾ സ്ഥാപിക്കും.

യുറേനിയം, തോറിയം എന്നിവയുടെ റേഡിയോ ആക്ടീവ് ക്ഷയത്താൽ ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് റാഡോൺ. ഇത് പാറകളിലും മണ്ണിലും വ്യത്യസ്ത സാന്ദ്രതയിൽ കാണപ്പെടുന്നു. ഭൂചലനം ഉണ്ടാകുമ്പോൾ ഭൂമിയുടെ പുറംതോടിലൂടെ കൂടുതൽ റാഡോൺ പുറത്തുവരും. ഭൗമകേന്ദ്രം റാഡോണിന്റെ സാന്നിധ്യം കണ്ടെത്തുകയും ഭാഭാ ആറ്റോമിക് റിസർച്ച് കേന്ദ്രത്തിലേക്ക് വിവരങ്ങൾ അയയ്ക്കുകയും ചെയ്യും. പ്രസ്തുത മേഖലയിലെ ഭൂകമ്പ സാധ്യത മുൻകൂട്ടി അറിയാൻ ഇത് സഹായിക്കും.ഭാഭാ ആറ്റോമിക് റിസർച്ച് കേന്ദ്രം റേഡിയോളജിക്കൽ ഫിസിക്സ് ആൻഡ്‌ അഡ്വൈസറി വിഭാഗം മേധാവി പ്രൊഫ. ബി.കെ. സപ്ര, കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ, റേഡിയേഷൻ സേഫ്റ്റി ഓഫീസർ ഡോ. എ.കെ. റൈൻ കുമാർ എന്നിവരാണ് റാഡോൺ ഭൗമകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..