നമ്മൾ കൂടെയുണ്ട്... ചുറ്റും 45 തീവണ്ടികൾ, നമുക്ക് രണ്ട്


കണ്ണൂർ: റെയിൽവേ ടൈംടേബിൾ പ്രകാരം ബെംഗളൂരുവിലേക്ക് 45 തീവണ്ടികളുണ്ട്. പക്ഷേ, മലബാറിലൂടെ രണ്ടെണ്ണം മാത്രം. ഇതിലൊന്ന് ആഴ്ചവണ്ടി. തിരുവനന്തപുരത്തുനിന്ന് ഏഴുവണ്ടികൾ. എറണാകുളത്തുനിന്ന് രണ്ട്.

ഇതിൽ ഇന്റർസിറ്റിയടക്കം മൂന്ന് പ്രതിദിന വണ്ടികൾ. ചെന്നൈ-ബെംഗളൂരു റൂട്ടിൽ 12 വണ്ടികളുണ്ട്. നാലെണ്ണം ദിവസവണ്ടികൾ. മംഗളൂരു-ബെംഗളൂരു റൂട്ടിലെ ഏഴുവണ്ടികളിൽ രണ്ടെണ്ണം ദിവസം ഒാടുന്നു. കോയമ്പത്തൂരിൽനിന്ന് മാത്രം നാല് വണ്ടികളുണ്ട്. കോയമ്പത്തൂർ വഴിയാണ് 11 വണ്ടികൾ ബെംഗളൂരുവിലേക്ക് പോകുന്നത്. കണ്ണൂർ-ബെംഗളൂരു റൂട്ടിൽ പക്ഷേ, ഒരു ദിവസ വണ്ടി മാത്രം. പുതിയ വണ്ടിക്കുള്ള ശ്രമത്തിന് ബെംഗളൂരു മലയാളി കൂട്ടായ്മയും വ്യാപാരിസമൂഹവും ഒന്നിച്ചുണ്ട്. അവഗണന മടുത്തിട്ടും അവർ പറയുന്നു, ഒപ്പം ഞങ്ങളുണ്ട്.ഭാഗ്യ-പ്രതിഷേധ വണ്ടി

മംഗളൂരു വഴിയുള്ള ബെംഗളൂരു വണ്ടി കണ്ണൂരേക്കുള്ള ഭാഗ്യവണ്ടിയായിരുന്നു. കെ.എച്ച്. മുനിയപ്പ റെയിൽവേ മന്ത്രിയായിരിക്കെയാണ് കാർവാറിലേക്കൊരു വണ്ടി പരിഗണിച്ചത്. എന്നാൽ ഉത്തരവിട്ടപ്പോൾ കാർവാർ, കണ്ണൂർ ആയി. കർണാടകയിലെ യാത്രക്കാർ ഇതിനെതിരേ കോടതി കയറി. ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് കോടതി. അവരുടെ ആവശ്യം പരിഗണിച്ച് വണ്ടിയെ രണ്ടായി വിഭജിച്ചു. മംഗളൂരുവിൽനിന്ന് രണ്ടായി വേർപിരിഞ്ഞ് ഒന്ന് കണ്ണൂരേക്ക്. മറ്റൊന്ന് കാർവാറിലേക്ക്. കണ്ണൂരേക്ക് ആദ്യം എട്ടു കോച്ചുകൾ മാത്രം. പിന്നീട് അത് 16 കോച്ചുള്ള സ്വതന്ത്ര വണ്ടിയായി മാറി.

യശ്വന്ത്പുരിനുമുണ്ട് പ്രതിഷേധ കഥ. ബെംഗളൂരു റൂട്ട് സ്വകാര്യ ബസുകളുടെ കുത്തകയായപ്പോൾ കണ്ണൂർ-യശ്വന്ത്പുര സൗകര്യങ്ങളില്ലാത്ത ബാനസവാടി സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. വൻ പ്രതിഷേധമുണ്ടായി. തുടർന്ന് പുനഃസ്ഥാപിച്ചു. എന്നാൽ പരാതി ഇപ്പോഴും തീരുന്നില്ല. യശ്വന്ത്പുരയുടെ മെല്ലെപ്പോക്കിനെകുറിച്ചാണ് ഡിസൈൻ എൻജിനിയർ ബി. ഡിപിനടക്കം പറയുന്നത്. കൃത്യസമയത്ത് സേലം വരെ വരും. സേലത്തുനിന്ന് ചെന്നൈ-മംഗളൂരു മെയിലിന് പിറകെ ഓടി മണിക്കൂറുകൾ വൈകിപ്പിക്കുന്നുവെന്നാണ് പ്രധാന പരാതി.

നാവു ജോതയല്ലി ഇതിവി...

(ഞങ്ങൾ ഒന്നിച്ചുണ്ട്)

ബെംഗളൂരു മലയാളി കൂട്ടായ്മ പറയുന്നു

മലബാറുകാർക്ക് ഒരു തീവണ്ടി അത്യാവശ്യമാണെന്ന് ബെംഗളൂരു കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ പറഞ്ഞു. പാലക്കാട്ടുവരെയുള്ളവർക്ക് ഗുണം കിട്ടും. ധാരാളം കച്ചവടക്കാർ യാത്ര ചെയ്യുന്ന ഇടമാണ് മലബാർ. ഒരു വണ്ടിക്ക് വേണ്ടിയുള്ള കാമ്പയിനാണ്‌ ഏറ്റവും നല്ലത്. ഇപ്പോൾ യശ്വന്ത്പുര മാത്രമാണ് ആശ്രയം. മംഗളൂരു വഴിയുള്ളത് കാര്യമായ ഗുണമില്ലെന്ന് റജികുമാർ പറഞ്ഞു.

ബെംഗളൂരു സെക്ടർ റെയിൽവേക്ക് ഒരിക്കലും നഷ്ടം വരില്ലെന്ന് ബെംഗളൂരു ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് അലക്‌സ് പറഞ്ഞു. സർക്കാരും റെയിൽവേയും ഒന്ന് ഇടപെട്ടാൽ ഇത് നടക്കും. ബെംഗളൂരുവിൽനിന്നും മലബാറിൽനിന്നും ഒരു പകൽ വണ്ടി മലയാളികൾ ഏറെ ആഗ്രഹിക്കുന്നുവെന്ന് ബെംഗളൂരു മലയാളി വെൽഫെയർ അസോസിയേഷൻ സെക്രട്ടറി കോഴിക്കോട് സ്വദേശി ഷാൻ ജോസ്, വൈസ് പ്രസിഡന്റ് അഡ്വ. സന്തോഷ് ചാക്കോ എന്നിവർ പറഞ്ഞു.

പ്രധാനമാണ്, വ്യാപാരാവശ്യം

മലബാർ ചേംബർ, എൻ.എം.സി.സി.

കണ്ണൂർ-കോഴിക്കോട്-ബെംഗളൂരുവിലേക്ക് ഒരു പകൽ തീവണ്ടി വേണമെന്ന ആവശ്യത്തിന് മാതൃഭൂമി തുടങ്ങുന്ന കാമ്പയിൻ വലുതാണ്. ഇതിന് കോഴിക്കോട് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് മുന്നിലുണ്ടാകുമെന്ന് പ്രസിഡന്റ് കെ.വി. ഹസീബ് അഹമ്മദ് പറഞ്ഞു. മലബാറിലെ യാത്രക്ലേശം ഏറെയാണ്. ഇതിന് ഒരു പരിഹാരം കൂടിയേ തീരൂ.

വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർ ഏറെ ബന്ധപ്പെടുന്ന നഗരമാണ് ബെംഗളൂരുവെന്ന് കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ പറഞ്ഞു. ദിവസം ആയിരക്കണക്കിന് ആൾക്കാർക്ക് ഈ കോറിഡോറിലൂടെ യാത്ര ചെയ്യണം. ഇത് സർക്കാരും റെയിൽവേയും ഗൗരവത്തോടെ കാണണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..