കൊച്ചിയിലെ കൊലപാതകങ്ങളെല്ലാം യാദൃച്ഛികം; അനാസ്ഥയില്ലെന്ന് പോലീസ്


കൊച്ചി: കൊച്ചിയിലെ കൊലപാതക പരമ്പരകളിൽ ന്യായീകരണവുമായി കൊച്ചി സിറ്റി പോലീസ്. പോലീസിന്റെ അനാസ്ഥകൊണ്ടുണ്ടായതല്ല ഒന്നും എന്ന ന്യായീകരണമാണ് സിറ്റി പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ. കൊച്ചി നഗരത്തിലെ കൊലപാതക പരമ്പരകളെ തുടർന്ന് രണ്ടു ദിവസമായി മാതൃഭൂമി നൽകിയ വാർത്തയെ തുടർന്നായിരുന്നു പോലീസിന്റെ പത്രക്കുറിപ്പ്.

പ്രധാന ഭാഗങ്ങൾ ഇങ്ങനെ:‘‘കൊച്ചി സിറ്റി പോലീസ് പരിധിയിൽ ഒന്നര മാസത്തിനിടെ ഉണ്ടായ ഏഴു കൊലപാതകങ്ങളിൽ ഒന്നും ഗുണ്ടകൾ ചെയ്തിട്ടുള്ളതോ സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായി ഉണ്ടായിട്ടുള്ളതോ അല്ല. ഈ കൊലപാതകങ്ങളെല്ലാം പെട്ടെന്നുണ്ടായ ക്ഷോഭം നിമിത്തം യാദൃച്ഛികമായി സംഭവിച്ചവയാണ്. നടന്നിട്ടുള്ള കുറ്റകൃത്യങ്ങൾ പരിശോധിക്കുമ്പോൾ അവയിൽ പലതും വ്യക്തിപരമായ കാരണങ്ങളാലോ കുടുംബപരമായ കാരണങ്ങളാലോ ഉണ്ടായ കേസുകളാണ്. ഒരു കേസിൽ മാത്രമാണ് മുമ്പ് കുറ്റ കൃത്യത്തിൽ പെട്ടയാൾ പ്രതിയായുള്ളത്. കൊലപാതകങ്ങളിൽ ഒന്നിലൊഴിച്ച് ബാക്കി എല്ലാ കേസുകളിലും പ്രതികളെ പിടികൂടിയിട്ടുള്ളതാണ്. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി രാത്രികാലങ്ങളിൽ വിവിധ തരത്തിലുള്ള പട്രോളിങ്‌ ഊർജിതപ്പെടുത്തിയിട്ടുള്ളതും റെയ്ഡുകളും കോമ്പിങ് ഓപ്പറേഷനുകളും തുടർന്നു വരുന്നതുമാണ്’’.

അക്രമങ്ങൾക്കു പിന്നിൽ ലഹരിയെന്ന് പോലീസും

സമീപകാലത്തുണ്ടായ ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ലഹരിയുടെ സ്വാധീനമുണ്ടെന്ന് സിറ്റി പോലീസ്. നഗരത്തിൽ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഈ വർഷം ഇതുവരെ 1,724 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 461 കേസുകളും ഓഗസ്റ്റിൽ മാത്രം രജിസ്റ്റർ ചെയ്തതാണ്. പാലാരിവട്ടം പോലീസ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നൈജീരിയക്കാരനെയും ഘാനക്കാരിയെയും ബെംഗളൂരുവിൽനിന്നു പിടികൂടിയിരുന്നു. ഈ കാലയളവിൽ തൃപ്പൂണിത്തുറ പോലീസ് ഒരു കേസിൽ 2.49 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിലും പ്രതികളെ അറസ്റ്റ്‌ ചെയ്തു.

മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളിൽ കൊച്ചി സിറ്റിയിൽ പോലീസ് മുൻകൈയെടുത്ത് 98 ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. 176 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ’യോദ്ധാവ്’ പദ്ധതി നടപ്പാക്കുകയും ചെയ്തു. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി രണ്ടുമാസത്തിനിടെ 101 പേരെ കരുതൽ തടങ്കലിൽ വെച്ചു. പോലീസ് സ്വമേധയാ 3,314 കേസുകൾ രജിസ്റ്റർ ചെയ്തെന്നും പോലീസ് വ്യക്തമാക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..