ബംഗ്ലാദേശികളെ ഇന്ത്യൻ പാസ്‌പോർട്ടിൽ വിദേശത്തെത്തിക്കുന്ന സംഘം കൊച്ചിയിലും


അഞ്ചുമാസത്തിനിടെ 25-ലേറെ ബംഗ്ലാദേശികളെ വിദേശത്തേക്ക് കടത്തി

കൊച്ചി: ബംഗ്ലാദേശികളെ ഇന്ത്യൻ പാസ്പോർട്ടിൽ വിമാനത്താവളംവഴി വിദേശത്തെത്തിക്കുന്ന റാക്കറ്റിന്റെ പ്രവർത്തനം കൊച്ചിയിലും. എറണാകുളം റൂറൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്തിനെക്കുറിച്ച് വിവരംലഭിച്ചത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ നാലു ബംഗ്ലാദേശികളെ ഇന്ത്യൻ പാസ്പോർട്ടുമായി കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയതാണ് കേസിൽ വഴിത്തിരിവായത്. ബംഗ്ലാദേശുകാരനായ കൊച്ചിയിലെ ഏജന്റിനെയടക്കം പിന്നാലെ പോലീസ് പിടികൂടി.

ബംഗ്ലാദേശികൾക്ക് ചില ഗൾഫ് രാജ്യങ്ങളിൽ ജോലിക്ക് വിസ ലഭിക്കുന്നതിൽ നിയന്ത്രണമുണ്ട്. ഇതാണ് ഇന്ത്യക്കാരെന്ന വ്യാജേന വിസയും പാസ്പോർട്ടും സംഘടിപ്പിച്ച് ഇവരെ കടത്തുന്നതിനായുള്ള പ്രാധാന കാരണം. ഇന്ത്യക്കാരെന്ന വ്യാജേന എത്തിയാൽ ബംഗ്ലാദേശിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടി ലഭിക്കും. കൂടെ പരിഗണനയും. ഇതെല്ലാം മാഫിയയുടെ പ്രവർത്തനം തഴച്ചുവളരാൻ കാരണമായി.ബംഗ്ലാദേശ് സ്വദേശിക്കെതിരേ മുംബൈ വിമാനത്താവളത്തിൽ നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളും സംഘവും നെടുമ്പാശ്ശേരിവഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ നോട്ടീസ് കുരുക്കായി. പരിശോധനയിൽ ഇയാളെയും കൂടെവന്ന മൂന്ന് ബംഗ്ലാദേശികളെയും ഇമിഗ്രേഷൻ വിഭാഗം കഴിഞ്ഞമാസം പിടികൂടി എറണാകുളം റൂറൽ പോലീസിന് കൈമാറി.

ഇവരെ ചോദ്യംചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കടത്തുസംഘത്തക്കുറിച്ച് വിവരംലഭിച്ചത്.

ഇവരെ കൊച്ചിവഴി കടത്താൻ സഹായിച്ച ഏജന്റ് മുഹമ്മദ് അബ്ദുൾ ഷുക്കൂറിനെ (32) പോലീസ് പിടികൂടി. ഇന്ത്യൻ പാസ്പോർട്ടിൽ കഴിയുന്ന ബംഗ്ലാദേശിയായിരുന്നു ഷുക്കൂർ. മംഗളൂരു വിമാനത്താവളംവഴി രണ്ടുപേരെ കടത്താൻ ശ്രമിക്കവെയാണ് അറസ്റ്റിലാകുന്നത്.

മാർച്ച് മുതൽ അഞ്ചുമാസ കാലയളവിൽ 25-നും 35-നും ഇടയിൽ ബംഗ്ലാദേശികളെ കൊച്ചി വിമാനത്താവളംവഴി കടത്തിയവിവരം ഷുക്കൂർ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി.

ബംഗാളിൽനിന്ന് വ്യാജ ആധാർ കാർഡും ഇതുവഴി ഇന്ത്യൻ പാസ്പോർട്ടും നേടിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ് ബംഗ്ലാദേശികളെ ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. വിമാനത്താവളത്തിനകത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..