കേരള വി.സി. നിയമനം: ഗവർണർ വിട്ടുവീഴ്ചയ്ക്കില്ല; മുന്നറിയിപ്പുമായി വീണ്ടും കത്ത്


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

തിരുവനന്തപുരം: വി.സി. നിയമനത്തിൽ കേരള സർവകലാശാലയ്ക്ക്‌ മുന്നറിയിപ്പുമായി വീണ്ടും ഗവർണറുടെ കത്ത്. സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ സർവകലാശാല നിശ്ചയിച്ചുനൽകണമെന്ന ആവശ്യം ഇപ്പോഴും നിലനിൽക്കുന്നതായി അദ്ദേഹം കത്തിൽ അറിയിച്ചു. സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന് ജൂൺ 13 മുതൽ ആവശ്യപ്പെട്ടുവരുകയാണെന്നും ഓർമിപ്പിച്ചു.

ഗവർണർ നൽകിയ അന്തിമസമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ആവശ്യം നിരാകരിച്ച് തിങ്കളാഴ്ച വി.സി. അയച്ച കത്തിനാണ് ചൊവ്വാഴ്ച മറുപടിനൽകിയിട്ടുള്ളത്. സർവകലാശാലയ്ക്ക് ഇനിയും അവസരമുണ്ടെന്ന്‌ വ്യക്തമാക്കുന്നതുകൂടിയാണ് കത്തിന്റെ ഉള്ളടക്കം. ഗവർണർ ആവശ്യം ആവർത്തിച്ചതോടെ നിയമപരമായ സാധ്യതകൾ തേടിയിരിക്കുകയാണ് സർവകലാശാല.തിങ്കളാഴ്ച വി.സി. ഡോ. വി.പി. മഹാദേവൻ പിള്ള ഗവർണർക്ക് അയച്ചിരുന്ന മറുപടിയിൽ സെർച്ച് കമ്മിറ്റിയിലേക്ക്‌ രണ്ടുപേരെ മാത്രം നിശ്ചയിച്ച വിജ്ഞാപനം നിയമവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടും അത്‌ റദ്ദാക്കണമെന്ന് അഭ്യർഥിച്ചുമുള്ള സെനറ്റ് തീരുമാനവും വിശദീകരിച്ചിരുന്നു.

എന്നാൽ, സർവകലാശാലയുടെ തലവൻ, നിയമനാധികാരി, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ആരൊക്കെയെന്ന്‌ നിയമത്തിൽ പറഞ്ഞിട്ടുള്ളതിനെക്കുറിച്ച്‌ തനിക്ക്‌ വ്യക്തമായി അറിയാമെന്നാണ് ഇതിന്‌ ഗവർണർ നൽകിയിട്ടുള്ള മറുപടി.

ചൊവ്വാഴ്ച സിൻഡിക്കേറ്റ് യോഗം ചേർന്നെങ്കിലും വി.സി. നിയമനവിവാദത്തിൽ പ്രത്യേകചർച്ച നടന്നില്ല. പക്ഷേ, ഇപ്പോൾ നടക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷപ്രതിനിധി ആർ. അരുൺകുമാർ ചോദ്യമുന്നയിച്ചു. തുടർന്ന്, ഗവർണർ വിജ്ഞാപനംചെയ്ത സെർച്ച് കമ്മിറ്റിക്ക്‌ നിയമസാധുതയില്ലെന്ന് സെനറ്റ് വിലയിരുത്തിയതും അതു റദ്ദാക്കാൻ അഭ്യർഥിച്ചതുമടക്കമുള്ള നടപടികൾ വി.സി. വിശദീകരിച്ചു. ഇക്കാര്യത്തിൽ ചാൻസലറുമായി ഇതിനകം നടന്നിട്ടുള്ള ആശയവിനിമയവും വി.സി. വിവരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..