കാമുകിയെ വിട്ടുകിട്ടാൻ ഹർജി


കൊച്ചി: വിവാഹിതനാണെന്നതു മറച്ചുവെച്ച് കാമുകിയെ വിട്ടുകിട്ടാൻ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്ത യുവാവിന് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച്. ഷമീറിനാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷൻ ബെഞ്ച് പിഴ ചുമത്തിയത്. ഹൈക്കോടതിയുടെ ഭാഗമായ മീഡിയേഷൻ സെന്ററിൽ തുക അടയ്ക്കാനാണ് നിർദേശം.

നെയ്യാറ്റിൻകര സ്വദേശിനിയായ കാമുകി അഞ്ജനയെ പിതാവും സഹോദരനും തടവിലാക്കിയിരിക്കുക യാണെന്ന് ആരോപിച്ചായിരുന്നു ഹർജി. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മുൻപ് അശ്വതി എന്നൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്ന വിവരം മറച്ചുവെച്ചായിരുന്നു ഹർജി നൽകിയത്. ഹർജി കോടതിയുടെ പരിഗണനയ്ക്കു വന്ന ശേഷമാണ് മുൻപ് വിവാഹിതനായിരുന്നുവെന്നും ഭാര്യ കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകിയിട്ടുണ്ടെന്നും അറിയിച്ചത്.

വിവാഹമോചനത്തിന് എതിർപ്പില്ലെന്ന് താൻ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബക്കോടതിയുടെ ഉത്തരവ് ഉടനുണ്ടാകുമെന്നാണ് കരുതുന്നതെന്നും വിശദീകരിച്ചു. പ്രധാനപ്പെട്ട ഈ വിവരം മറച്ചുവെച്ചതിൽ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ, സംഭവത്തിൽ നിരുപാധികം മാപ്പുചോദിച്ച ഷമീർ പിഴയൊടുക്കാൻ തയ്യാറാണെന്നും അറിയിച്ചു.

വീഡിയോ കോൺഫറൻസ് വഴി യുവതിയോട് കോടതി വിവരങ്ങൾ തിരക്കി. തനിക്ക് ഹർജിക്കാരനോടൊപ്പം ജീവിക്കണമെന്നും തന്നെ തടവിലാക്കിയിരിക്കുകയാണെന്നും യുവതി കോടതിയെ അറിയിച്ചു.

മുൻ വിവാഹത്തെക്കുറിച്ചും വിവാഹമോചന നടപടികളെക്കുറിച്ചുമുള്ള നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി ഹർജിക്കാരനോട് നിർദേശിച്ചു.

സാധാരണ സാഹചര്യത്തിൽ വസ്തുതകൾ മറച്ചുവെച്ചതിന് ഹർജി തള്ളേണ്ടതാണെങ്കിലും കേസിന്റെ പ്രത്യേകത കണക്കിലെടുത്ത് അനുവദിക്കുകയാണെന്ന് വ്യക്തമാക്കിയാണ് ഹർജിക്കാരന് പിഴ ചുമത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം പിഴ അടച്ചില്ലെങ്കിൽ ഹർജി തള്ളുമെന്നും വ്യക്തമാക്കി.

വിവാഹമോചനക്കേസിന്റെ വിശദാംശങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ തിരുവനന്തപുരം കുടുംബക്കോടതിക്കും നിർദേശം നൽകി. ഹർജി വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ ഏഴിനും കോടതി വീണ്ടും യുവതിയുമായി സംസാരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..