കൈവെട്ടുകേസും അഭിമന്യു വധവും കോളിളക്കമുണ്ടാക്കി


അഞ്ചുവർഷം,12 കൊലപാതകങ്ങൾ

കൊച്ചി: അഞ്ചുവര്‍ഷത്തിനിടെ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണംചെയ്ത് കേരളത്തില്‍ നടപ്പാക്കിയത് 12 കൊലപാതകങ്ങള്‍. മഹാരാജാസ് കോളേജിലെ അഭിമന്യു, പാലക്കാട്ടെ സഞ്ജിത്ത്, വയലാറിലെ നന്ദുകൃഷ്ണ എന്നിവരുടെ കൊലപാതകങ്ങള്‍ രാഷ്ട്രീയകേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ഇൗ കൊലപാതകങ്ങളും അധ്യാപകന്റെ കൈവെട്ടിയ സംഭവവും സംഘടനയെ നിരോധിക്കാനുള്ള കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

2021-ൽനടന്ന നാലു കൊലപാതകങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് പങ്കാളിത്തമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2019-ൽ മൂന്നു കൊലപാതകവും നടത്തി. 2022-ലും 2020-ലും 2017-ലും ഒാരോ കൊലപാതകങ്ങളും നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.‘പി.എഫ്.ഐ. സിമിയുടെ മറ്റൊരു പതിപ്പാണ്’ എന്നായിരുന്നു 2012-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. പി.എഫ്.ഐ. പ്രവർത്തകർ 27 കൊലപാതകക്കേസുകളിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതലും സി.പി.എം., ആർ.എസ്.എസ്. പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. ഇൗ കൊലപാതകങ്ങൾക്കുപുറമേ 86 കൊലപാതകശ്രമത്തിലും 106 വർഗീയസ്വഭാവമുള്ള കേസുകളിലും പി.എഫ്.ഐ.യിൽ ലയിച്ച എൻ.ഡി.എഫിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു

കൈവെട്ട് കേസ്

കേരളത്തിൽ തീവ്രവാദപ്രവർത്തനങ്ങൾ വേരൂന്നിയെന്നതിന്റെ തെളിവായിരുന്നു കൈവെട്ടുകേസ്. തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസറായിരുന്ന ജോസഫിന്റെ കൈവെട്ടിയ സംഭവമുണ്ടാകുന്നത് 2010 ജൂലായ് നാലിനാണ്. ചോദ്യപ്പേപ്പർ വിവാദത്തെത്തുടർന്നായിരുന്നു ആക്രമണം. കേസിൽ 37 പ്രതികളെ വിചാരണചെയ്തു. 13 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷവിധിച്ചു

അഭിമന്യു വധം

മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ. ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) 2018 ജൂലായ് രണ്ടിന് അര്‍ധരാത്രിയിലാണ് കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിലെയും വിദ്യാര്‍ഥിവിഭാഗമായ കാമ്പസ് ഫ്രണ്ടിലെയും പ്രവർത്തകരായിരുന്നു കൊലപാതകത്തിനുപിന്നിൽ. ഇൗ സംഘടനകളിൽപ്പെട്ട 30 പ്രവര്‍ത്തകർക്കെതിരേ കേസെടുക്കുകയും 15 പേർക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നുമാണ് പോലീസ് കണ്ടെത്തൽ. അഭിമന്യുവിനെ കുത്താൻ ഉപയോഗിച്ച കത്തി ഇനിയും കണ്ടെടുക്കാനായിട്ടില്ല. വിചാരണ ഇപ്പോഴും തുടരുന്നു.

മറ്റ് പ്രധാന കൊലക്കേസുകൾ

** 2017 ഓഗസ്റ്റ് 24-ന് തിരൂര്‍ തൃപ്രങ്ങോട് റോഡരികില്‍ ആര്‍.എസ്.എസ്. പ്രാദേശിക നേതാവ് ബിപിനെ വെട്ടിക്കൊലപ്പെടുത്തി.

* 2022 ഫെബ്രുവരി 24-ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ നന്ദുകൃഷ്ണയെ വയലാറിനു സമീപം കൊലപ്പെടുത്തി

* ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ പാലക്കാട് മമ്പറത്ത് സഞ്ജിത്തിനെ 2021 നവംബര്‍ 15-ന് രാവിലെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തി. കേസിൽ 15 പി.എഫ്.െഎ. പ്രവർത്തകർ പ്രതികളായി.

*2019 ജൂലായ് 30-ന് കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തി

കേസുകളെത്ര...? പോലീസ് കണക്കെടുക്കുന്നു

പോപ്പുലർ ഫ്രണ്ട് പ്രതികളായ കേസുകളെത്രയുണ്ട് കേരളത്തിൽ. കണക്കെടുക്കാന്‍ പോലീസ് നീക്കംതുടങ്ങി. കൊലപാതക-വധശ്രമ കേസുകളുടെ കണക്ക് പോലീസിന്റെ പക്കലുണ്ടെങ്കിലും മറ്റ് കേസുകളുടെ എണ്ണവും പ്രതികളുടെ എണ്ണവും ക്രോഡീകരിക്കാനുള്ള നീക്കമാണ് പോലീസ് തുടങ്ങിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..