വൃന്ദാവനത്തിലുയരും ’ഗുരുവായൂർ ക്ഷേത്രം’


*ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കും *ചെലവ് 120 കോടി

ഗുരുവായൂർ: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് കരുതുന്ന മഥുരയിലെ വൃന്ദാവനത്തിൽ ഗുരുവായൂർ മാതൃകയിൽ ക്ഷേത്രമുയരുന്നു. 65 സെന്റ് സ്ഥലത്താണ് 30 അടി ഉയരത്തിൽ ക്ഷേത്രത്തിന്റെ തനിപ്പകർപ്പ് വരുക. ആഗോളതലത്തിൽ മെഡിറ്റേഷൻ-ചാരിറ്റബിൾ സ്ഥാപനങ്ങളുടെ ശൃംഖലകളുള്ള ബെംഗളൂരു ആസ്ഥാനമായ മോഹൻജി ഫൗണ്ടേഷനാണ് ക്ഷേത്രം പണിയുന്നത്. 120 കോടി രൂപ ചെലവ് കണക്കാക്കുന്നു.

നിർമാണത്തിന്റെ ആചാര്യവരണവും രൂപരേഖ കൈമാറലും ഗുരുവായൂർ തന്ത്രിമഠത്തിൽ വ്യാഴാഴ്ച നടന്നു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയാണ് ആചാര്യൻ. വാസ്തുശാസ്ത്രത്തിൽ പേരുകേട്ട കാണിപ്പയ്യൂർ മനയിലെ കുട്ടൻ നമ്പൂതിരിപ്പാടാണ് കൈക്കോൽ കണക്കുകളും രൂപരേഖയും തയ്യാറാക്കിയത്. ഇത് തന്ത്രിയിൽനിന്ന് മോഹൻജി ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻജി ഏറ്റുവാങ്ങി. കുട്ടൻ നമ്പൂതിരിപ്പാട്, ഫൗണ്ടേഷൻ സി.ഇ.ഒ. മധുസൂദനൻ രാജഗോപാൽ, പ്രവർത്തകരായ മിലിറ്റ്സ, പി. മധു, ടി.എം. അനുജൻ, ജയൻ ബിലാത്തിക്കുളം, ഗുരുവായൂർ ദേവസ്വം അസി. എൻജിനീയർ നാരായണൻ ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു



ഗുരുവായൂർ ക്ഷേത്രം 69 സെന്റിലാണ്. വിസ്തൃതിയിലും ഉയരത്തിലും അളവുകൾ ചെറുതായി കുറച്ചാണ് വൃന്ദാവനത്തിലെ പണി. ക്ഷേത്രനിർമാണത്തിന് അനുയോജ്യമായ ഉത്തരായനകാലമായ ജനുവരി 15 മുതൽ ജൂലായ് 15 വരെയുള്ള കാലയളവിനുള്ളിൽ നിർമിതി പൂർത്തിയാക്കും. ശ്രീകോവിൽ, സോപാനം, കൊടിമരം, മുഖമണ്ഡപം, നമസ്‌കാരമണ്ഡപം, വാതിൽമാടം, വിളക്കുമാടം, ശീവേലിപ്പുര, പ്രദക്ഷിണവഴി, ഗോപുരങ്ങൾ, ദീപസ്തംഭം തുടങ്ങിയവയ്ക്കുവേണ്ട പ്രധാനഭാഗങ്ങൾ ഇവിടെ നിർമിച്ചശേഷം വൃന്ദാവനത്തിലേക്ക് കൊണ്ടുപോകും.

വിദഗ്ധരായ എൻജിനീയർമാരുടേയും ക്ഷേത്രശില്പികളുടേയും മേൽനോട്ടത്തിൽ അവിടെ കൂട്ടിയിണക്കും. ഗുരുവായൂർ ക്ഷേത്രത്തിന്റെ നിർമാണരീതികളിൽനിന്ന് ഒരു വ്യത്യാസവുമില്ലതെ, തനിമയോടെയാണ് ക്ഷേത്രം പണിയുന്നതെന്ന് മോഹൻജി പറഞ്ഞു. ഒന്നരവർഷത്തിനുള്ളിൽ ക്ഷേത്രമതിലിനകത്തെ നിർമാണം പൂർത്തിയാക്കിയശേഷം നടപ്പന്തലുകളും മറ്റും സാവകാശം പണിയും. ക്ഷേത്രത്തിൽ നടക്കുന്ന പൂജാചടങ്ങുകളും ആഘോഷങ്ങളും അതേപോലെത്തന്നെ നടത്താനും ആലോചനയുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..