ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് സമർപ്പിച്ചു


മലയാളത്തിലെ സാഹിത്യ പൈതൃകത്തിനു ലഭിച്ച ഒരു അംഗീകാരമെന്ന് ലീലാവതി

കൊച്ചി: പ്രിയമുള്ള സ്മരണകൾ നിറഞ്ഞുനിന്ന വേദിയിൽ ഡോ. എം. ലീലാവതി കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ഏറ്റുവാങ്ങി. സാഹിത്യ നായകർ ഉൾെപ്പടെ നിരവധി പേർ ഉൾപ്പെട്ട നിറഞ്ഞ സദസ്സിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാറാണ് ഫെലോഷിപ്പ് സമർപ്പിച്ചത്. മലയാളത്തിലെ പ്രമുഖ വിമർശകയും എഴുത്തുകാരിയുമായ ലീലാവതി എല്ലാ മേഖലയിലും ആത്മാർഥത പുലർത്തിയെന്നും അത്തരം വ്യക്തികൾ അപൂർവമാണെന്നും ചന്ദ്രശേഖര കമ്പാർ പറഞ്ഞു.

"ഇത് വ്യക്തിപരമായ ഒരു നേട്ടമല്ല. മലയാളത്തിലെ സാഹിത്യ പൈതൃകത്തിനു ലഭിച്ച ഒരു അംഗീകാരമാണ്. സാഹിത്യ അക്കാദമിയുടെ ഇൗ ഉന്നത പുരസ്കാരം എന്റെ ജീവിതത്തിന്റെ ഇൗ ഘട്ടത്തെ പ്രകാശമാനമാക്കുന്നു"-കൊച്ചി സർവകലാ ശാല ഹിന്ദി വിഭാഗത്തിൽ നടന്ന ചടങ്ങിലെ മറുപടി പ്രസംഗത്തിൽ ലീലാവതി പറഞ്ഞു. ജീവിതയാത്രയിലെ ഗുരുനാഥന്മാരെയും അഭ്യുദയകാംക്ഷികളെയും അന്തരിച്ച ഭർത്താവ്‌ സി.പി. മേനോനെയും മക്കളെയുമെല്ലാം പരാമർശിച്ചായിരുന്നു ടീച്ചറുടെ മറുപടി പ്രസംഗം.

‘‘ഈ അവസരത്തിൽ 1965-ൽ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം മഹാകവി ജി. ശങ്കരക്കുറുപ്പിന് ലഭിച്ച സന്ദർഭം ഓർമ വരുന്നു. എന്റെ സാഹിത്യ പ്രവർത്തനത്തെ പലരും സഹായിച്ചു. കവിതയെ സ്നേഹിച്ചിരുന്ന അമ്മയായിരുന്നു എന്റെ ആദ്യ ഗുരു. അവർ നോട്ടുബുക്കിൽ പകർത്തിവെച്ചിരുന്ന കവിതകളായിരുന്നു സാഹിത്യത്തിലേക്ക് എന്നെ നടത്തിയത്. പിന്നെയും നിരവധി ഗുരുക്കന്മാർ വന്നു. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ എഴുതാൻ എൻ.വി. കൃഷ്ണവാരിയർ വേണ്ടത്ര ഇടം നൽകി. എന്റെ സാഹിത്യം വളർന്നത് എല്ലാ അർത്ഥത്തിലും ‘മാതൃഭൂമി’യുടെ മണ്ണിലാണ്-ലീലാവതി പറഞ്ഞു.

ശാസ്ത്രത്തെയും കലാത്മകതയെയും സംയോജിപ്പിച്ചു കൊണ്ടുപോയ വിമർശകയാണ് ടീച്ചറെന്ന് സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി കൺവീനറായ കവി പ്രഭാവർമ പറഞ്ഞു. കൊച്ചി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.എൻ. മധുസൂദനൻ വിശിഷ്ടാതിഥികളെ ആദരിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു സ്വാഗതം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..