പോപ്പുലർ ഫ്രണ്ട് 5.20 കോടി അടയ്ക്കണം; മിന്നൽഹർത്താൽ തടയാൻ സർക്കാർ ഒന്നുംചെയ്തില്ലെന്ന് കോടതി


പിഴത്തുക ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക്‌ കൈമാറാനാണ് നിർദേശം. സർക്കാരിനും കെ.എസ്.ആർ.ടി.സി.ക്കും ഉണ്ടായ നഷ്ടം കണക്കിലെടുത്താണിത്.

Photo: PTI

കൊച്ചി: സെപ്റ്റംബർ 23-ലെ മിന്നൽഹർത്താലിലുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ 5.20 കോടിരൂപ പോപ്പുലർ ഫ്രണ്ട് സർക്കാരിൽ അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹർത്താലിനോടനുബന്ധിച്ച് സംസ്ഥാനത്ത് രജിസ്റ്റർചെയ്ത കേസുകളിലെല്ലാം ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താറിനെ പ്രതിയാക്കണം. മിന്നൽഹർത്താൽ നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടായിട്ടും പ്രകടനങ്ങളും അക്രമങ്ങളും തടയാൻ കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ സർക്കാർ ഒന്നുംചെയ്തില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹർത്താൽദിനം രാവിലെ സ്വമേധയാ എടുത്ത കോടതിയലക്ഷ്യഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

പിഴത്തുക ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക്‌ കൈമാറാനാണ് നിർദേശം. സർക്കാരിനും കെ.എസ്.ആർ.ടി.സി.ക്കും ഉണ്ടായ നഷ്ടം കണക്കിലെടുത്താണിത്.



ഉത്തരവിൽനിന്ന്

രണ്ടാഴ്ചയ്ക്കുള്ളിൽ തുകയടച്ചില്ലെങ്കിൽ ജനറൽ സെക്രട്ടറിയടക്കമുള്ള ഭാരവാഹികളുടെ പേരിലുള്ള സ്വത്തിൽനിന്നടക്കം തുകയീടാക്കാനായി റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കണം.

* 5.20 കോടിരൂപ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിച്ച് ക്ലെയിംസ് കമ്മിഷണർ വഴി നഷ്ടം സംഭവിച്ചവർക്കായി വിതരണംചെയ്യണം. ക്ലെയിംസ് കമ്മിഷണർ കൂടുതൽതുക നൽകണമെന്ന് ഉത്തരവിട്ടാൽ അതും സംഘടനയിൽനിന്ന് ഈടാക്കണം.

*അറസ്റ്റിലായവരുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ അവരുണ്ടാക്കിയ നാശനഷ്ടത്തിന്റെ തുക കെട്ടിവെക്കാൻ നിർദേശിക്കണം

*ഹർത്താൽദിനത്തിലുണ്ടാകുന്ന നാശനഷ്ടത്തിന്റെ തോത് നിശ്ചയിക്കാനായി ഹൈക്കോടതി മുമ്പുനിയമിച്ച ക്ലെയിംസ് കമ്മിഷണർക്ക് ഓഫീസ് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരെയും മൂന്നാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കണം.

ഉത്തരവിൽ സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കാനായി ഹർജി 17-ന് വീണ്ടും പരിഗണിക്കും.

അക്രമങ്ങളിൽ പങ്കില്ലെന്ന് നടിക്കേണ്ട

വൈവിധ്യമാർന്ന സമൂഹത്തെ പ്രതിനിധാനംചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന പോപ്പുലർ ഫ്രണ്ടിനും ജനറൽ സെക്രട്ടറിക്കും ഹർത്താൽദിനത്തിലെ അക്രമങ്ങളിൽ പങ്കില്ലെന്ന്് നടിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയപ്പാർട്ടികളുടെയും സംഘടിതശക്തികളുടെയും അക്രമം ഭയന്ന് ജനങ്ങൾ ജീവിക്കേണ്ട സാഹചര്യം അനുവദിക്കാനാകില്ല.

ആൾക്കൂട്ടത്തിന്റെ വാഴ്ചയല്ല നിയമവാഴ്ചയാണ് ജനാധിപത്യത്തെ നിയമാനുസൃതമാക്കുന്നത്. മിന്നൽഹർത്താൽ വിലക്കുന്ന 2019 ജനുവരി ഏഴിലെ ഉത്തരവുപ്രകാരം സർക്കാർ നടപടി സ്വീകരിച്ചിരുന്നെങ്കിൽ പ്രകടനങ്ങളോ ആൾക്കൂട്ടമോ ഉണ്ടാകുമായിരുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..