കസ്റ്റംസ് കുറ്റപത്രത്തിൽ ശിവശങ്കറിനെതിരേ കടുത്ത ആരോപണങ്ങൾ


മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയും കുറ്റപത്രത്തിൽ

കൊച്ചി: ഡോളർക്കടത്ത് കേസിൽ കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആറാംപ്രതി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരേ ഗുരുതര ആരോപണങ്ങൾ. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കർ യു.എ.ഇ. കോൺസുലേറ്റ് അധികൃതരുമായി പലതവണ ചർച്ച നടത്തിയിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു.

മറ്റു പ്രതികളായ യു.എ.ഇ. കോൺസുലേറ്റിലെ മുൻധനകാര്യവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രിയുമായും സരിത്തുമായും ശിവശങ്കർ അടുത്തബന്ധം പുലർത്തിയിരുന്നു. ഇന്റലിജൻസ് വിവരങ്ങൾ സ്വപ്നാ സുരേഷിന് ശിവശങ്കർ ചോർത്തി നൽകി.ദുരൂഹ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിഞ്ഞിട്ടും വിവരം സർക്കാരിനെ അറിയിച്ചില്ല. കോൺസൽ ജനറൽ ജമാൽ അൽ സാബിയെയല്ലാതെ മറ്റു ഉദ്യോഗസ്ഥരെ അറിയില്ലെന്നാണ് ശിവശങ്കർ മൊഴിനൽകിയിരുന്നത്. അടുപ്പമുണ്ടായിരുന്നെന്നു വാട്സാപ്പ് സന്ദേശങ്ങളിൽനിന്നു വ്യക്തമാണ്. വിദേശകാര്യ മന്ത്രാലയത്തെയും സംസ്ഥാന പ്രോട്ടോകോൾ വകുപ്പിനെയും മറികടന്നാണു ശിവശങ്കർ കോൺസുൽ ജനറലുമായും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകൾ നടത്തിയത്. കോൺസൽ ജനറലിന്‌ എക്സ് കാറ്റഗറി സുരക്ഷ നൽകാനും ശിവശങ്കർ മുൻകൈയെടുത്തു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കു തടസ്സമില്ലാതെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഇത് വഴിയൊരുക്കി.

മുഖ്യമന്ത്രിയെക്കുറിച്ച്‌ സ്വർണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് നൽകിയ മൊഴി കുറ്റപത്രത്തിലും ആവർത്തിച്ചിട്ടുണ്ട്. ശിവശങ്കർ ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെത്തുടർന്നാണ് കോൺസുൽ ജനറലിനെ എക്സ് കാറ്റഗറി സുരക്ഷയിൽ ഉൾപ്പെടുത്തിയതെന്ന് സ്വപ്നയുടെ മൊഴിയുണ്ടായിരുന്നു. 2017 ആദ്യം മുഖ്യമന്ത്രി യു.എ.ഇ.യിൽ ആയിരിക്കെ അദ്ദേഹത്തിനു നൽകാൻ പാക്കറ്റുകൾ കൊണ്ടുപോയെന്ന് സ്വപ്ന നൽകിയ മൊഴിയുമുണ്ട്.

ലൈഫ് മിഷന്റെ ഭാഗമായി വീടു നിർമാണപദ്ധതി സർക്കാരിലൂടെ നടപ്പാക്കാനായിരുന്നു റെഡ് ക്രസന്റിന്റെ താത്പര്യം. എന്നാൽ, നടപടിക്രമങ്ങൾ ഏറെയുള്ളതിനാൽ പദ്ധതി വൈകുമെന്നു വ്യക്തമാക്കിയ ശിവശങ്കർ കോൺസൽ ജനറലിനും സ്വപ്നയ്ക്കും ക്ളിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിയെന്നതാണ് സ്വപ്നയുടെ മറ്റൊരു ആരോപണം.

സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ കോ- ഓർഡിനേഷന്റെയും റീ ബിൽഡ് കേരള പദ്ധതിയുടെയും ഭാഗമായി ലൈഫ് മിഷൻ പദ്ധതിയുടെ യോഗത്തിൽ പങ്കെടുത്തിരുന്നെന്നാണ്‌ ശിവശങ്കറിന്റെ മൊഴി. ഇതിനു മുഖ്യമന്ത്രിയിൽനിന്ന് വാക്കാൽ അനുമതി വാങ്ങിയിരുന്നതായും വ്യക്തമാക്കിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..