കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദനമേറ്റ സംഭവം; പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്


ജാമ്യത്തെ ശക്തമായി എതിർത്ത് സർക്കാർ

കാട്ടാക്കടയിലെ ദൃശ്യം

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കകത്തുവെച്ച് അച്ഛനും മകൾക്കും മർദനമേറ്റ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിൽ കോടതി വെള്ളിയാഴ്ച വിധി പറയും. മകളുടെ മുന്നിൽ അച്ഛനെ ക്രൂരമായി മർദിക്കുകയും അത് തടയാൻ ശ്രമിച്ച മകളെ മർദിക്കുകയും ചെയ്ത പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ അതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് മുൻകൂർ ജാമ്യഹർജിയെ എതിർത്ത സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കി.

പ്രതികൾക്കു മർദനമേറ്റയാളെ മുൻപരിചയം ഉള്ളതുകൊണ്ടാണ് പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിൽ മർദനമേറ്റയാൾ നിരന്തരം പരാതികൾ നൽകുന്ന ആളാണെന്നു വ്യക്തമായി പറഞ്ഞിട്ടുള്ളത്. പൊതുജനങ്ങളുടെയും സ്വന്തം പിതാവിന്റെയും മുന്നിൽവെച്ച് മർദനമേറ്റ വിദ്യാർഥിനിയുടെ സ്ത്രീത്വം അപമാനിക്കപ്പെട്ടതായി പ്രോസിക്യൂഷൻ വാദിച്ചു. സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോയിലെ പ്രതികളുടെ ശബ്ദവും ദൃശ്യങ്ങളും ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിൽ ചോദ്യംചെയ്യേണ്ടതുള്ളതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.പെൺകുട്ടിയുടെ പിതാവിനു മർദനമേറ്റിട്ടില്ലെന്നും ജീവനക്കാരോട് വഴക്കുണ്ടാക്കി അസഭ്യം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചയാളെ വിശ്രമകേന്ദ്രത്തിൽ പോലീസ് വരുംവരെ തടഞ്ഞുവയ്ക്കുകമാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു.

പെൺകുട്ടിയുടെ പിതാവ് പട്ടികജാതി പട്ടികവർഗ പീഡനനിരോധന നിയമം സ്ഥിരം ദുരുപയോഗം ചെയ്യുന്ന ആളാണെന്നും നിലവിൽ 25-ഒാളം പരാതികൾ ഇതുവരെ നൽകിയിട്ടുള്ളതായും പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീനും പ്രതികൾക്കായി നെയ്യാറ്റിൻകര ആർ.അജയകുമാറും ഹാജരായി.

സെപ്‌റ്റംബർ 20-ന് 11.30-മണിയോടെ ബിരുദവിദ്യാർഥിനിയായ മകളുടെ കൺസെഷൻ ടിക്കറ്റ് പുതുക്കാനെത്തിയ പിതാവിനും മകൾക്കുമാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാരായ പ്രതികളിൽനിന്നു മർദനം ഏൽക്കേണ്ടിവന്നത്.

കള്ളിക്കാട് മൈലക്കര മംഗല്യയിൽ മിലൻ ഡോറിച്ച്, ആറാമട തേരിഭാഗം പുലരിയിൽ എസ്.ആർ.സുരേഷ് കുമാർ, കരകുളം കാച്ചാണി ശ്രീശൈലത്തിൽ എൻ.അനിൽ കുമാർ, വീരണക്കാവ് പന്നിയോട് അജിഭവനിൽ അജികുമാർ എസ്., കുറ്റിച്ചൽ കല്ലോട് ദാറുൾ അമനിൽ മുഹമ്മദ് ഷെരീഫ് എന്നീ അഞ്ച് പേരാണ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയ പ്രതികൾ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..