വില്ലേജ് ഓഫീസുകളിൽ അടിയന്തര സർട്ടിഫിക്കറ്റുകൾ ആദ്യം നൽകാൻ ഉത്തരവ്


കോട്ടയം: വില്ലേജ് ഓഫീസുകളിൽ അടിയന്തരാവശ്യത്തിനുള്ള സർട്ടിഫിക്കറ്റുകൾ ആദ്യം നൽകാൻ അനുവദിച്ച് സർക്കാർ ഉത്തരവിട്ടു. ആദ്യം ലഭിക്കുന്ന അപേക്ഷകൾ ആദ്യം തീർപ്പാക്കണമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു. ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ അതിനനുസരിച്ചുള്ള സാങ്കേതിക സംവിധാനമായിരുന്നു. എന്നാൽ ഒരുമാസമായി ദിവസേന അഞ്ഞൂറോളം സർട്ടിഫിക്കറ്റുകൾക്കാണ് ഓരോ വില്ലേജ് ഓഫീസിലും അപേക്ഷ എത്തുന്നത്.

വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ എന്നീ ആവശ്യങ്ങൾക്ക് ഉടനെ നൽകേണ്ട സർട്ടിഫിക്കറ്റുകൾപോലും നൽകാൻ കഴിയാതായി. കടുത്ത ജോലിഭാരവും സർട്ടിഫിക്കറ്റ് വൈകുമ്പോൾ അപേക്ഷകരുടെ സമ്മർദ്ദവും വില്ലേജ് ഓഫീസർമാരെ വലിയ പ്രശ്നത്തിലാക്കിയിരുന്നു. ഇക്കാര്യം മാതൃഭൂമി റിപ്പോർട്ട് ചെയ്യുകയും വെള്ളിയാഴ്ച മുഖപ്രസംഗം എഴുതുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചതന്നെ പ്രശ്നത്തിന് താത്‌കാലിക പരിഹാരമായി ഉത്തരവ് ഇറങ്ങി.

ഒരു മാസത്തേക്കാണ് ആദ്യം ലഭിച്ച മറ്റ് അപേക്ഷകൾ മാറ്റിവെച്ച് അടിയന്തര സർട്ടിഫിക്കറ്റുകൾ നൽകാൻ അനുമതി. ക്രമം മറികടന്ന് സർട്ടിഫിക്കറ്റ് നൽകാൻ ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ സംവിധാനമൊരുക്കാൻ ഐ.ടി.മിഷനും എൻ.ഐ.സി.ക്കും നിർദേശവും നൽകി. ഇതിനുള്ള സാങ്കേതിക നടപടിയും വെള്ളിയാഴ്ച തുടങ്ങി.

സാമൂഹിക സുരക്ഷാ പെൻഷന് വരുമാന സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതാണ് അപേക്ഷകൾ കുന്നുകൂടാൻ കാരണം. ഇതിന് ഫെബ്രുവരി 28 വരെ സമയമുണ്ടെങ്കിലും അതിനെക്കാൾ അടിയന്തരാവശ്യത്തിനുള്ള അപേക്ഷകൾ നേരത്തെ പരിഗണിക്കാനാവാതായിരുന്നു. വരുമാനം കൃത്യമായി പരിശോധിച്ചു മാത്രമേ പെൻഷന് സർട്ടിഫിക്കറ്റ് നൽകാവൂ എന്നും അല്ലാത്തപക്ഷം വില്ലേജ് ഓഫീസർമാർ ഉത്തരവാദികളാകുമെന്നും സർക്കാർ ഉത്തരവിടുകയും ചെയ്തതോടെ പ്രശ്നം സങ്കീർണമായി. പത്തനംതിട്ട കളക്ടറും വില്ലേജ് ഓഫീസർമാരും ഈപ്രശ്നത്തിന്റെ ഗൗരവം സർക്കാരിനെ അറിയിക്കുകയുംചെയ്തു.

എന്നാൽ, വില്ലേജ് ഓഫീസർമാരുടെ ജോലിഭാരത്തിൽ ഇത് മാറ്റമൊന്നും വരുത്തില്ല. ക്രമം മറികടന്ന് അപേക്ഷ പരിഗണിക്കാമെന്നത് ചില അപേക്ഷകർക്ക് ഗുണംചെയ്യും. സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷാ തീയതി നീട്ടിയില്ലെങ്കിൽ അത്തരം അപേക്ഷകർക്ക് പ്രയോജനം കിട്ടുകയുമില്ല. അപേക്ഷാ ബാഹുല്യം മൂലം സൈറ്റ് വളരെ മന്ദഗതിയിലാണ് പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ച മാറ്റങ്ങൾക്കായി പ്രവർത്തനം നിർത്തുകയും ചെയ്തതോടെ അത്രയും താമസംകൂടി വന്നിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..