നെല്ല് സംഭരണം: കൊയ്ത്തിനുമുമ്പേ കർഷകരുടെ നെഞ്ച് വേവുന്നു


കോട്ടയം: നെല്ല് സംഭരണം ഇത്തവണ അവതാളത്തിലാകുമോ എന്ന ആശങ്കയിൽ കർഷകർ. നെല്ലിന്റെ വില കർഷകർക്ക് വേഗം നേരിട്ട് ലഭ്യമാക്കാൻ ബാങ്കുകളുമായി കഴിഞ്ഞദിവസം സപ്ലൈകോ കരാറിലെത്തി. എങ്കിലും മില്ലുകൾ സംഭരണം നടത്തിയാലേ കർഷകർക്ക് പണം കിട്ടൂ. എന്നാൽ, ചില ആവശ്യങ്ങൾ മുന്നോട്ടുവെച്ച് സമ്മർദതന്ത്രം പയറ്റുകയാണ് മില്ലുടമകൾ.

നെല്ല് സംഭരിച്ച് അരിയാക്കി സപ്ലൈകോയ്ക്ക് നൽകുന്നതിന്റെ കൈകാര്യച്ചെലവ് കിലോയ്ക്ക് 2.12 രൂപയിൽനിന്ന് 2.72 രൂപയാക്കണമെന്നാണ് ഒരാവശ്യം. 100 കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. രാജ്യത്തൊട്ടാകെ അംഗീകരിച്ച മാനദണ്ഡമാണിത്. എന്നാൽ 64.5 കിലോയേ നൽകാനാവൂ എന്നാണ് മില്ലുകാരുടെ നിലപാട്.

മുൻവർഷങ്ങളിൽ നെല്ല് അരിയാക്കുന്നതിന് അഞ്ചുശതമാനം ജി.എസ്.ടി. ഈടാക്കിയിരുന്നു. ഇത്തവണ എല്ലാ നടപടികൾക്കും ജി.എസ്.ടി. ബാധകമാക്കി. മുഴുവൻ ജി.എസ്.ടി. ബാധ്യതയും ഒഴിവാക്കണമെന്നും മില്ലുകാർ ആവശ്യപ്പെടുന്നു. റേഷനുവേണ്ടിയായിട്ടും സൗജന്യ ഭക്ഷ്യധാന്യം തയ്യാറാക്കുന്നതിന് ജി.എസ്.ടി. ബാധകമാക്കേണ്ടെന്ന വ്യവസ്ഥ ധനവകുപ്പ് ലംഘിച്ചെന്നാണ് പരാതി.

2018-ലെ പ്രളയത്തിൽ മില്ലുകാർക്കുണ്ടായ 15 കോടി രൂപ നഷ്ടം പരിഹരിക്കണമെന്നതാണ് മറ്റൊരാവശ്യം. ഇൻഷുറൻസ് തുകയ്ക്ക് മാത്രമേ അർഹതയുള്ളൂ എന്നാണ് സർക്കാർ നിലപാട്.

വായ്പയെടുത്ത് കൃഷിയിറക്കുന്നവരാണ് കർഷകരിലേറെയും. സംഭരണം വൈകിയാൽ കടബാധ്യത കൂടും. സംഭരിക്കുന്ന നെല്ലിന് 28.20 രൂപ കിട്ടും. പുറമേ വിറ്റാൽ 18 പോലും കിട്ടില്ല. എന്നാൽ എല്ലാം ഒരേ മില്ലുകളിലാണെത്തുന്നതെന്നും ഇടനിലക്കാർ മില്ലുകാരുടെ ആളുകളാണെന്നും കർഷകർ പറയുന്നു.

ഇതിനകം പലയിടത്തും കൊയ്ത്ത് തുടങ്ങി. 93,825 കർഷകർ സംഭരണത്തിനായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഒരുമാസത്തിനകം കൊയ്ത്ത് പൂർണതോതിലാകും. കഴിഞ്ഞവർഷം ആകെ 2.5 ലക്ഷം കർഷകർ രജിസ്റ്റർചെയ്തിരുന്നു. അത്രയും ഈ വർഷവും സപ്ലൈകോ പ്രതീക്ഷിക്കുന്നുണ്ട്. ചില പ്രദേശങ്ങളിൽ കൃഷി കൂടിയിട്ടുണ്ട്. കോട്ടയം ജില്ലയിൽമാത്രം 1347 ഹെക്ടർ അധികം കൃഷിയുണ്ട്.

വൈകാതെ മില്ലുടമകളുമായി ധാരണയിലെത്തുമെന്നാണ് സപ്ലൈകോ പറയുന്നത്. പത്തനംതിട്ട ജില്ലയിലെ ഒരു മില്ലുമായി കരാറായിട്ടുണ്ട്. അതേസമയം, സംഭരണം വൈകുകയും മഴ പെയ്യുകയും ചെയ്താലുണ്ടാകുന്ന നഷ്ടമോർത്ത് ഭീതിയിലാണ് കർഷകർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..