ദീപ്തമാവണം ജീവിതം; അദീപ്തയ്ക്ക് പക്ഷേ, കരൾരോഗം


കോട്ടയം: പതിനൊന്നുമാസം പ്രായം. അദീപ്ത പക്ഷേ, ഇന്നുവരെ ആശുപത്രിക്കിടക്ക വിട്ടിട്ടില്ല. അബോധാവസ്ഥയിലോ, വേദനയുടെയോ, ശ്വാസംമുട്ടലിന്റെയോ ലോകത്താണ് എന്നും.

തലയോലപ്പറമ്പ് വടയാർ ചക്കാലക്കോളനിയിൽ ജിതിന്റെയും അലീനയുടെയും മകളാണ് ഈ കുഞ്ഞ്. ജന്മനായുള്ള കരൾരോഗമാണ്. കരളിൽനിന്ന് പിത്തരസത്തെ പുറത്തേക്കുവഹിക്കുന്ന നാളികൾ ഇല്ല. കരൾവീങ്ങി വാരിയെല്ലുകളെ മുട്ടിയിരിക്കുന്നു. വയർ തിങ്ങിവീർത്തിരിക്കുന്നു.

ജനനശേഷം ശ്വാസംമുട്ടലും പാലുകുടിക്കാനുള്ള ബുദ്ധിമുട്ടുംകണ്ട് മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലെത്തിച്ചു. കുറേ നാൾ അവിടെ ചികിത്സിച്ചു. പിന്നീട് തിരുവനന്തപുരം സ്പെഷ്യാലിറ്റി സെന്ററിൽ. ചികിത്സ എളുപ്പമുള്ള രോഗമല്ല. ‘പക്ഷേ... കൈവിട്ടു കളയാൻ പറ്റുമോ?’- ജിതിന്റെ അമ്മ ജെസി കണ്ണുനിറഞ്ഞ് ചോദിക്കുന്നു.

വീടുകളിൽ ജോലിക്കുപോയാണ് ജെസി കുടുംബം പോറ്റിയിരുന്നത്. ഭർത്താവ് മുരളിക്ക് സന്ധികൾ തേയുന്ന രോഗമാണ്. ജോലിചെയ്യാൻ വയ്യ. ജിതിൻ പല സ്വകാര്യ ബസുകളിൽ മാറിമാറി കണ്ടക്ടറായി പോയിരുന്നു. സ്ഥിരം ജോലിയില്ല. അദീപ്തയുടെ രോഗം മൂലം ഒരു വർഷത്തോളമായി ഈ കുടുംബം ഒന്നാകെ ആശുപത്രിയിലും പരിസരത്തുമാണ്. നാട്ടുകാരിൽ ചിലരുടെ സഹായത്തിലാണ് ജീവിതം.

മൂന്നാംമാസത്തിൽ അദീപ്തയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ഒരു ശസ്ത്രക്രിയ നടത്തി. ഈ രോഗത്തിന് ആദ്യ ചികിത്സ അതാണ്. ചിലർക്കേ പ്രയോജനപ്പെടൂ. അദീപ്തയ്ക്ക് പ്രയോജനമുണ്ടായില്ല. വളരെപ്പേർ സഹായിച്ചും ഉള്ളതെല്ലാം വിറ്റുമാണ് അന്ന് പണം കണ്ടെത്തിയത്. ഇനി കരൾ മാറ്റിവെയ്ക്കലേ മാർഗമുള്ളൂ. അച്ഛൻ ജിതിൻ കരൾ പകുത്തുനൽകാൻ തയ്യാറാണ്. പക്ഷേ, കരൾ മാറ്റത്തിനും അതിനുമുമ്പുള്ള ചികിത്സയ്ക്കുമായി 13.5 ലക്ഷം രൂപ വേണം. സാമൂഹിക സുരക്ഷാ ദൗത്യത്തിൽ അപേക്ഷിച്ചപ്പോൾ മൂന്നുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 10 ലക്ഷത്തിനുമേൽ ഇനിയും വേണം. കരൾ മാറ്റിവെച്ചാലും 20 വയസ്സുവരെ ചികിത്സ തുടരണം. കരൾ നൽകുന്ന ജിതിന് വേണ്ടിവരുന്ന ചികിത്സാച്ചെലവ് വേറെ.

കനറാ ബാങ്ക് തലയോലപ്പറമ്പ് ശാഖയിൽ അലീനയുടെ പേരിൽ അക്കൗണ്ട് ഉണ്ട്. 0809101059490 ആണ് നമ്പർ. ഐ.എഫ്.എസ്.സി. CNRB0002507.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..