Representative Image | Photo: Canva.com
കണ്ണൂർ: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് കരുതുന്ന മരുന്നുകൾ നിർമിച്ച കമ്പനിയുടെ കയറ്റുമതി രജിസ്ട്രേഷനും മെമ്പർഷിപ്പ് സർട്ടിഫിക്കറ്റും താത്കാലികമായി റദ്ദാക്കി. ഹരിയാണയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയുടെ രജിസ്ട്രേഷനാണ് ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്സ് പ്രമോഷൻ കൗൺസിൽ റദ്ദാക്കിയത്. സംഭവത്തിൽ ലോകാരോഗ്യ സംഘടനയും രാജ്യത്തെ ഡ്രഗ്ഗ് റഗുലേറ്ററി അതോറിറ്റിയും അന്വേഷണം നടത്തുകയാണ്.
കുട്ടികളിലെ ചുമ, അലർജി, ജലദോഷം എന്നിവയ്ക്ക് നൽകുന്ന മരുന്നുകളാണ് അപകടകാരികളായത്. കമ്പനിയുടെ ഈ മരുന്നുകൾക്ക് കയറ്റുമതി അനുമതി മാത്രമേ നൽകിയിട്ടുള്ളൂ. അതിനാൽ ഇന്ത്യയിൽ വിൽപ്പന നടത്തിയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. കമ്പനി ഗാംബിയയിലേക്ക് കയറ്റിയയച്ച പ്രൊമെത്താസിൻ സിറപ്പ്, കൊഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മാക്കോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നീ നാലു ഉത്പന്നങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.
മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്ന് ഉത്പാദന, വിതരണ ശൃംഖലയെക്കുറിച്ച് ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്സ് പ്രമോഷൻ കൗൺസിൽ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ഈ മരുന്നുകൾ സുരക്ഷിതമല്ലെന്നും ആഫ്രിക്കയിലെ ഗാംബിയക്കുപുറമേ മറ്റ് രാജ്യങ്ങളിലേക്കും എത്തിയേക്കാം എന്നതിനാൽ ജാഗ്രതപുലർത്തമെന്നും ലോകാരോഗ്യ സംഘടന അറിയിപ്പിൽ പറയുന്നു.
അപകടംവരുത്തിയത് എത്തിലിൻ ഗ്ലൈക്കോൾ
എത്തിലിൻ ഗ്ലൈക്കോൾ, ഡൈഎത്തിലിൻ ഗ്ലൈക്കോൾ എന്നിവയുടെ സാന്നിധ്യമാണ് ഈ മരുന്നുകൾ അപകടകാരികളായതിന്റെ കാരണമായി കാണുന്നത്. ചില സാംപിൾ പരിശോധനയിൽ ഈ രാസഘടകത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തലവേദന, ഛർദി, വയറിളക്കം, മൂത്രതടസ്സം എന്നിവയ്ക്കു പുറമേ വൃക്ക പരാജയത്തിനും ഇതു വഴിവെക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..