സമൂഹത്തിനുമുന്നിൽ പരിഹാസ്യനാവരുത് - ഗവർണറോട് മുഖ്യമന്ത്രി


1 min read
Read later
Print
Share

വിമർശിക്കാൻ പാടില്ലെന്ന നിലപാട് സമൂഹത്തിനു ചേർന്ന രീതിയല്ല

മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സമൂഹത്തിന്റെമുന്നിൽ പരിഹാസ്യനാവരുതെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി. ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയോ ആ വഴിക്കു നീങ്ങുകയോ ചെയ്യുമ്പോൾ അത്‌ സാധുവാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയ കക്ഷിയുടെയോ മുന്നണിയുടെയോ നേതാവിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നത്. അങ്ങനെ നിയമിക്കപ്പെടുന്ന മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. മന്ത്രിമാർ രാജിനൽകേണ്ടത്‌ മുഖ്യമന്ത്രിക്കാണ്. അത്‌ ഗവർണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്. ഇതൊന്നുമല്ല ഭരണഘടനയെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? അങ്ങനെ പറഞ്ഞാൽ അത്‌ ഭരണഘടനാവിരുദ്ധമാവില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗവർണർ അതിരുകടക്കുമ്പോൾ രാഷ്ട്രപതിയെ സമീപിക്കുമോയെന്നു ചോദിച്ചപ്പോൾ ഇവിടെ കാര്യങ്ങൾ നല്ലനിലയ്ക്കു പോവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നായിരുന്നു മറുപടി. അതനുസരിച്ചുള്ള സമീപനമാണ് സർക്കാർ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. അത്‌ സ്വയമേവ മനസ്സിലാക്കാനും തിരുത്താനുമൊക്കെ എല്ലാവർക്കും കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ആരും ആരേയും വിമർശിക്കാൻ പാടില്ലെന്ന നിലപാട് സമൂഹത്തിന് ചേർന്നതല്ല. വിമർശനത്തിനും സ്വയംവിമർശനത്തിനും അഭിപ്രായപ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് ഭരണഘടന. ഫെഡറൽ സംവിധാനത്തിൽ ഗവർണർപദവിയുടെ കർത്തവ്യവും കടമയും എന്തെല്ലാമാണെന്നും തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും കർത്തവ്യവും കടമകളും എന്തൊക്കെയെന്നും ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ചു പ്രവർത്തിക്കുകയാണ് ഗവർണറുടെ പൊതുവായ ഉത്തരവാദിത്വം -മുഖ്യമന്ത്രി പറഞ്ഞു.

കേരള സർവകലാശാലയിലെ സെനറ്റിൽ 15 പേരെ പിൻവലിച്ച ഗവർണറുടെ നടപടി നിയമപരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..