ചങ്ങനാശ്ശേരി: ഉന്നതവിദ്യാഭ്യാസരംഗത്തെ അപചയങ്ങൾ ഒഴിവാക്കണമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഈ മേഖലയെ രാഷ്ട്രീയവിമുക്തമാക്കി വിദഗ്ധരുമായി ചർച്ചകൾക്ക് തയ്യാറാകണം. എയ്ഡഡ് കോളേജുകളുടെ വിഭവശേഷികൾ പാഴാകുന്ന അവസ്ഥയാണിന്ന്. നവംബർ അവസാനമായിട്ടും ഒട്ടേറെ സീറ്റുകൾ ആളില്ലാതെകിടക്കുന്നു. ഗ്രോസ് എൻറോൾമെന്റ് റേഷ്യോ ഭീതിജനകമായി താഴുന്നു.
സംസ്ഥാനതലത്തിൽ സർക്കാർ നയപരമായ തീരുമാനങ്ങൾ എടുക്കാതെ സർവകലാശാല-ഉന്നതവിദ്യാഭ്യാസ ഉദ്യോഗസ്ഥർ എടുക്കുന്ന വികലനിലപാടുകൾമൂലം കുട്ടികൾ പഠനത്തിനായി സംസ്ഥാനംവിടാൻ നിർബന്ധിതരാകുന്നു.
കാലോചിതമായി പരിഷ്കരിക്കാത്ത കരിക്കുലവും സിലബസും, സാമ്പത്തികലാഭംമാത്രം ലക്ഷ്യമിട്ട്, എയിഡഡ് കോളേജുകളിൽ സ്ഥിരം അധ്യാപകരെ നിയമിക്കാതെ അതിഥി അധ്യാപകരെമാത്രം നിയമിക്കുന്ന സർക്കാർ, പുതിയ കോളേജുകളും കോഴ്സുകളും ഗവേഷണഫണ്ടും മറ്റാനുകൂല്യങ്ങളും ഇഷ്ടക്കാർക്കുമാത്രം നല്കുന്ന രീതി, കേന്ദ്രഫണ്ടുകൾ ഇഷ്ടസംസ്ഥാനങ്ങളിലേക്കൊഴുക്കുന്ന യു.ജി.സി. എന്നിവയെല്ലാം ഉന്നതവിദ്യാഭ്യാസരംഗം താറുമാറാക്കുന്നു.
എയിഡഡ് മേഖലയിലെ ആയുഷ് മെഡിക്കൽ കോളേജുകൾ, പോളിടെക്നിക്കുകൾ എന്നിവയിലുള്ള സർക്കാർനീക്കങ്ങളും അവയെ തകർച്ചയിലേക്ക് നയിക്കുന്നു. തങ്ങളുടെ ഇഷ്ടാനുസരണം ശുപാർശകൾ നല്കുന്ന വിദഗ്ധരെ കമ്മിഷനുകളാക്കി, തങ്ങളുടെ ഇഷ്ടങ്ങൾമാത്രം പരിഗണിക്കുന്ന റിപ്പോർട്ടുകൾ മെനഞ്ഞെടുപ്പിച്ച് സർക്കാർ നടത്തുന്ന കസർത്തുകൾക്കുള്ള മറുപടിയാണ് എയിഡഡ് കോളേജുകളിലെ സീറ്റൊഴിവുകൾ. ഈ മേഖലയിലെ മുതൽമുടക്ക് സാധാരണക്കാരായ ജനങ്ങൾക്കും അവരുടെ കുട്ടികൾക്കുമായി നടത്തുന്ന സുരക്ഷിതമായ നിക്ഷേപമായി സർക്കാർ കാണുന്നില്ലെങ്കിൽ, ഞെട്ടിക്കുന്ന തിരിച്ചടി കേരളത്തിലുണ്ടാകുമെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..