ചങ്ങനാശ്ശേരി: പെരുന്ന അവിട്ടപ്പള്ളി തറവാട്ടിലുണ്ട് ആറ് ഗോളികൾ. നാരായണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മക്കളാണിവർ. ഈ ദമ്പതിമാരുടെ 14 മക്കളിൽ സോമൻ നായർ, വിജയകുമാരൻ നായർ, ബാബു നായർ, ശശികുമാർ, വിനയകുമാർ, പ്രകാശ് എന്നിവരാണ് ഗോളികളായത്.
വെറും നാട്ടുക്ലബ്ബുകളുടെ താരങ്ങളായിരുന്നില്ല ഇവർ. നേവി, സർവീസസ്, കാൽടെക്സ്, മഫത്ത്ലാൽ തുടങ്ങിയ വമ്പൻ ടീമുകളുടെ ഗോൾവലയം ഇവർ കാത്തു. ചങ്ങനാശ്ശേരി പുതൂർപ്പള്ളി മൈതാനത്ത് കളി തുടങ്ങിയ ഇവർ ലക്കി സ്റ്റാറിലാണ് തുടക്കമിട്ടത്.
ലക്കിസ്റ്റാർ ശരിക്കും ഭാഗ്യകൂട്ടായ്മയായിരുന്നു. അവിടെ കളിച്ചവരൊക്കെ പിന്നീട് വിജയങ്ങളിലേക്ക് പന്ത് തട്ടി. സോമൻ നായരും വിജയകുമാരനും ബാബു നായരും വിനയകുമാറും നാലു സംസ്ഥാനങ്ങൾക്കുവേണ്ടി സന്തോഷ് ട്രോഫിയും കളിച്ചുവെന്നതും പ്രത്യേകത.
സോമൻനായർ ഇന്ത്യൻ നേവിയിൽ ചേർന്നു. പീറ്റർ തങ്കരാജിന്റെ ശിക്ഷണത്തിൽ മികവ് നേടി കാൽടെക്സിലും മഫത്ത്ലാലിലും കളിച്ചു. പിന്നീട്, മഹാരാഷ്ട്രയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയിൽ നാലുവർഷം വലയംകാത്തു. ഇന്ത്യൻടീമിലേക്ക് വിളിയെത്തിയപ്പോൾ റഷ്യക്കെതിരേയുള്ള മത്സരത്തിൽ ജഴ്സിയണിഞ്ഞതാണ് സുവർണനിമിഷം.
വിജയകുമാർ കേരള സർവകലാശാലയ്ക്ക് വേണ്ടിയാണ് ആദ്യം കളിച്ചത്. പിന്നീട് ദേശീയ യൂത്ത് ടീമിലേക്ക്. മൂന്നുവർഷം കേരളത്തിന്റെ കാവൽക്കാരനായി. വാസ്കോയിലും സീസയിലും ക്ഷണം കിട്ടിയത് കേളീമികവ് കണ്ടാണ്. ബാബുനായർ സർവീസസിനും കേരളത്തിനുംവേണ്ടി കളിച്ചു. ഇന്ത്യൻ ടീമിന്റെ ഗോളിയായി ബംഗ്ലാദേശിന് എതിരേ കളിക്കാൻ കഴിഞ്ഞതാണ് വലിയ നേട്ടം.
വിനയകുമാർ കേരള ജൂനിയർ ടീമിലാണ് തുടങ്ങിയത്. പിന്നീട് ടാറ്റയ്ക്കുവേണ്ടി. ശശികുമാറും പ്രകാശും യൂണിവേഴ്സിറ്റി ടീമിലെ താരങ്ങളായിരുന്നു. അവിട്ടപ്പള്ളി വീട്ടിലെ ഫുട്ബോൾപെരുമ പറഞ്ഞിരിക്കാൻ ഇപ്പോൾ സോമൻ നായർ ഇല്ല, അദ്ദേഹം മരിച്ചു. വിജയകുമാരൻ നായർ, ബാബു നായർ, ശശികുമാർ, പ്രകാശ് എന്നിവർ പെരുന്നയിൽ താമസിക്കുന്നു. വിനയകുമാർ മുംബൈയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..