ചാവക്കാട്: കേരള തീരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാതല കമ്മിറ്റികൾ നിലവിൽ വന്നു. 100 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾ ഈ കമ്മിറ്റിക്ക് പരിശോധിച്ച് അനുമതി നൽകാനാവും. ആദ്യമായാണ് ജില്ലാതല കമ്മിറ്റികൾ നിലവിൽവരുന്നത്. സംസ്ഥാന കമ്മിറ്റി മാത്രമാണ് മുമ്പ് ഉണ്ടായിരുന്നത്. നേരത്തെ തീരദേശ പരിപാലന അതോറിറ്റിയിൽനിന്നുള്ള ഏത് അനുമതിക്കും തിരുവനന്തപുരത്തുള്ള സംസ്ഥാന കമ്മിറ്റിക്കു മുമ്പാകെയാണ് അപേക്ഷ നൽകിയിരുന്നത്.
100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് അനുമതി നൽകാൻ അധികാരമുള്ളതിനാൽ വലിയൊരു വിഭാഗം അപേക്ഷകളും ഇനി ജില്ലാ കമ്മിറ്റിക്കുതന്നെ പരിഗണിക്കാനാവും. തീരദേശ പരിപാലന വിജ്ഞാപനത്തിന്റെ വ്യവസ്ഥകൾ നടപ്പാക്കുകയും വിജ്ഞാപനത്തിന് വിരുദ്ധമായി നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ നിരീക്ഷിച്ച് നടപടിയെടുക്കുകയുമാണ് കമ്മിറ്റിയുടെ ചുമതല. തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ കമ്മിറ്റികൾ രൂപവത്കരിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയതോടെ എല്ലാ ജില്ലകളിലും കമ്മിറ്റികളായി. ഈ മൂന്ന് ജില്ലകളിലാണ് ജില്ലാ കമ്മിറ്റികൾ രൂപവത്കരിക്കാൻ ബാക്കിയുണ്ടായിരുന്നത്.
ജില്ലാ മജിസ്ട്രേറ്റ് ചെയർമാനായ കമ്മിറ്റിയിൽ ജില്ലാ ടൗൺ പ്ലാനർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ പ്ലാനിങ് ഓഫീസർ, വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ എന്നിവർക്ക് പുറമേ പ്രാദേശിക പരമ്പരാഗത സമൂഹങ്ങളിൽനിന്നുള്ള മൂന്ന് പ്രതിനിധികളുമാണ് അംഗങ്ങൾ. പ്രാദേശിക, പരമ്പരാഗത സമൂഹങ്ങളിൽനിന്ന് തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ട അംഗങ്ങൾ: ഫിറോസ് പി. തൈപറമ്പിൽ (ചാവക്കാട്), ടി.എൻ. ഹനോയ് (കൊടുങ്ങല്ലൂർ), അഡ്വ. പി. മുഹമ്മദ് ബഷീർ (ഒരുമനയൂർ). കളക്ടറേറ്റിലാണ് ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..