ചങ്ങനാശ്ശേരി: സമുദായാചാര്യൻ മന്നത്തുപദ്മനാഭന്റെ 146-ാമത് ജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുമെന്ന് എൻ.എസ്.എസ്. ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. രണ്ടുദിവസവും രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചനയുണ്ട്. സമുദായാംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവരും പൊതുജനങ്ങളും പുഷ്പാർച്ചനയ്ക്കെത്തും. ശശി തരൂരാണ് രണ്ടാം തീയതി ജയന്തി സമ്മേളനം ഉദ്ഘാടനംചെയ്യുന്നത്.
ഒന്നിന് രാവിലെ 10.15-ന് അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽസെക്രട്ടറി സ്വാഗതം പറയും. പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷതവഹിക്കും. കരയോഗം രജിസ്ട്രാർ പി.എൻ. സുരേഷ് നന്ദി പറയും. പ്രമേയങ്ങളും അവതരിപ്പിക്കും. മൂന്നിന് യുവകലാഭാരതി പ്രണവം എം.കെ. ശങ്കരൻ നമ്പൂതിരിയുടെ സംഗീതസദസ്സ്. ആറിന് രാജശ്രീ വാരിയരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം. രാത്രി ഒമ്പതിന് മേജർസെറ്റ് കഥകളി- നളചരിതം നാലാംദിവസം, ദക്ഷയാഗം.
രണ്ടിന് 10.30-ന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം. 10.45-നാണ് മന്നം ജയന്തി സമ്മേളനം. ഐക്യരാഷ്ട്രസഭ മുൻ അണ്ടർ സെക്രട്ടറി ജനറൽ കൂടിയായ ശശി തരൂർ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനവേദിയിൽവെച്ചുതന്നെ, പെരുന്നയിൽ പണിതീർത്ത എൻ.എസ്.എസ്. കൺവെൻഷൻ സെന്ററിന്റെയും ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ നിർവഹിക്കും. പ്രസിഡന്റ് ഡോ.എം. ശശികുമാർ അധ്യക്ഷതവഹിക്കും. മുൻ ഡി.ജി.പി. ഡോ.അലക്സാണ്ടർ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തും. ജനറൽസെക്രട്ടറി സ്വാഗതവും ട്രഷറർ എൻ.വി. അയ്യപ്പൻപിള്ള നന്ദിയും പറയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..