മന്ത്രി ആന്റണി രാജു| Photo: Mathrubhumi
തിരുവനന്തപുരം: ഒരു മന്ത്രിക്കു സ്ഥാനം നഷ്ടപ്പെട്ട അനുഭവമുള്ളതിനാൽ ഭരണഘടനയെ തൊട്ടു കളിക്കാൻ താനില്ലെന്ന് മന്ത്രി ആന്റണി രാജു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മന്ത്രി ഭരണഘടനയെ തൊട്ടപ്പോൾ വൈകീട്ട് മുൻമന്ത്രിയായി മാറി. ഭരണഘടനയെ തൊട്ടുകളിക്കാൻ താനില്ല. സ്വാതന്ത്ര്യലബ്ധിക്കു ശേഷം രാജ്യം നിലനിൽക്കുന്നത് ഭരണഘടനയുള്ളതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ മതരാഷ്ട്രമായാൽ അതു നാശത്തിലേക്കു നയിക്കുമെന്ന് ലോക്്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി.ആചാരി പറഞ്ഞു. മതവും രാഷ്ട്രീയവും തമ്മിൽ കൂടുതൽ അടുക്കുന്നത് മതേതര കാഴ്ചപ്പാടിനു ഭീഷണിയാവുന്നു. രാഷ്ട്രത്തിന് മതമില്ല. ഒരു മതത്തേയും പ്രോത്സാഹിപ്പിക്കാനും പാടില്ലെന്നും ആചാരി പറഞ്ഞു. രാജ്യത്ത് മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി അധ്യക്ഷത വഹിച്ച എളമരം കരീം എം.പി. പറഞ്ഞു. ഡോ. രാജു നാരായണസ്വാമി, എസ്.ആർ.ശക്തിധരൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ.ബിവീഷ് യു.സി., രജിസ്ട്രാർ രതീഷ് ജി.ആർ. എന്നിവരും സംസാരിച്ചു.
ഭരണഘടനയാണ് ഏറ്റവും വലിയ നിയമമെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ നിയമമാണ് ഭരണഘടനയെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ് പറഞ്ഞു. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഭരണഘടനാദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സങ്കീർണമായ പരിതസ്ഥിതിയിലും ഇത്രയുംകാലം രാജ്യത്തെ മുന്നോട്ടു നയിച്ചതു തന്നെ ഭരണഘടനയുടെ മഹത്വം വെളിവാക്കുന്നു. ഭരണഘടനയ്ക്കു മുകളിൽ ഒരു നിയമമില്ല. സ്കൂൾ തലം മുതൽക്കു തന്നെ ഭരണഘടനയെക്കുറിച്ചുള്ള അവബോധം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാർട്ടൂണിസ്റ്റ് സുധീർനാഥിന്റെ ’മലയാള മാധ്യമങ്ങളും കാർട്ടൂണുകളും’ എന്ന പുസ്തകം ലോക്സഭ മുൻസെക്രട്ടറി ജനറൽ പി.ഡി.ടി.ആചാരിക്കു നൽകി ചീഫ് സെക്രട്ടറി പ്രകാശനം ചെയ്തു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..