തിരുവനന്തപുരം: കോവിഡ്കാലത്ത് കേരളത്തിൽ കെട്ടിടനിർമാണം കുത്തനെ കുറഞ്ഞു. 2020-21ൽ മുൻവർഷത്തെക്കാൾ 17.07 ശതമാനം കുറവാണുണ്ടായത്. ഗ്രാമീണമേഖലയിൽ 21 ശതമാനവും നഗരങ്ങളിൽ 2.1 ശതമാനവും കുറഞ്ഞു. വീടുനിർമാണത്തിലെ കുറവ് 19.5 ശതമാനമാണ്.
സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പ്രസിദ്ധീകരിച്ച 2020-21 ലെ ബിൽഡിങ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് അനുസരിച്ച ആ വർഷം പുതുതായി നിർമിച്ചത് 3.56 ലക്ഷം കെട്ടിടങ്ങളാണ്. 2015-16 മുതൽ ഏറ്റവുംകുറവ് കെട്ടിടങ്ങളുണ്ടായത് ആ വർഷമാണ്. തലേവർഷം 4.29 ലക്ഷം കെട്ടിടങ്ങൾ നിർമിച്ചിരുന്നു. 73,239 കെട്ടിടങ്ങൾ കുറഞ്ഞു. രജിസ്റ്റർചെയ്യുന്ന കെട്ടിടങ്ങളുടെ കണക്കാണ് പുറത്തിറക്കുന്നത്.
കേരളമാകെയെടുത്താൽ 2020-21ൽ ഒരു കിലോമീറ്റർ ചുറ്റളവിൽ 13 കെട്ടിടങ്ങളാണ് പുതുതായി ഉണ്ടായത്. എന്നാൽ തിരുവനന്തപുരത്ത് ഇത് 23 എണ്ണമാണ്. ഇതിനുമുമ്പുള്ള രണ്ടുവർഷങ്ങളിലും ചതുരശ്ര കിലോമീറ്ററിൽ 15 കെട്ടിടങ്ങൾവീതം പുതുതായി ഉയർന്നിരുന്നു. ആകെ കെട്ടിടങ്ങളിൽ 2.68 ലക്ഷം കെട്ടിടങ്ങളും (75.27%) പാർപ്പിടങ്ങളാണ്. 88,007 എണ്ണം പാർപ്പിടേതര കെട്ടിടങ്ങളും.
മലപ്പുറം മുന്നിൽ, പത്തനംതിട്ട പിന്നിൽ
ഏറ്റവുംകൂടുതൽ കെട്ടിടങ്ങൾ നിർമിച്ചത് മലപ്പുറത്താണ്- 46,964. കുറവ് പത്തനംതിട്ടയിലും- 11,786. 2015-16 മുതൽ മലപ്പുറംതന്നെയാണ് മുന്നിൽ. പുതിയ പാർപ്പിടേതര കെട്ടിങ്ങളുടെ എണ്ണത്തിലും മലപ്പുറം മുന്നിലും പത്തനംതിട്ട പിന്നിലുമാണ്.
എന്നാൽ 2021-ൽ ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചത് തിരുവനന്തപുരത്താണ്- 32,084. കുറവ് വയനാട്ടിലും- 8760.
90.29 ശതമാനം കെട്ടിടങ്ങളുടെയും മേൽക്കൂര കോൺക്രീറ്റാണ്. ഓലമേഞ്ഞവയും ഉണ്ട്- 2151 എണ്ണം (0.60%ശതമാനം).
2015-16 മുതലുള്ള ആറുവർഷങ്ങളിൽ ആകെ 23.30 ലക്ഷം കെട്ടിടങ്ങളാണ് നിർമിച്ചത്. 2018-19 ലും 2019-20 ലുമാണ് ഏറ്റവുംകൂടുതൽ പുതിയ കെട്ടിടങ്ങളുണ്ടായത്. പ്രളയത്തിനുശേഷമുണ്ടായ പുനർനിർമാണങ്ങളും സർക്കാർ സഹായത്തോടെയുണ്ടായ നിർമാണങ്ങളുമാണ് ഈ വർധനയ്ക്ക് കാരണമായി സാമ്പത്തിക സ്ഥിതിവിവരവകുപ്പ് വിലയിരുത്തുന്നത്.
സ്ത്രീകളുടെ ഉടമസ്ഥത നാലിലൊന്നുമാത്രം
പുതിയ 3.56 ലക്ഷം കെട്ടിടങ്ങളിൽ ആണുങ്ങളുടെ ഉടമസ്ഥതയിലുള്ളത് 2.54 ലക്ഷം കെട്ടിടങ്ങൾ. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളത് 93,667 (26.32 ശതമാനം). ആറുവർഷമായി ഏറെക്കുറെ ഇതാണ് സ്ഥിതി.
വർഷം-നിർമിച്ച കെട്ടിടങ്ങൾ
2015-16 3,64,187
2016-17 3,89,544
2017-18 3,70,940
2018-19 4,20,182
2019-20 4,29,113
2020-21 3,55,874
ആകെ 23,29,840
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..