പത്തുവർഷത്തോളമായി ഒരേ ശമ്പളവുമായി എയിഡ്സ് സുരക്ഷാ പദ്ധതി ജീവനക്കാർ


ആനുകൂല്യങ്ങളുമില്ല

പുലാമന്തോൾ (മലപ്പുറം): കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നിഷ്‌കർഷിക്കുന്ന മിനിമം വേതനമോ, ആരോഗ്യപ്രവർത്തകർക്ക് നല്കുന്ന ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങളോ ഇല്ലാതെ എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സുരക്ഷാപദ്ധതി ജീവനക്കാർ.

2013-ൽ ദേശീയ എയിഡ്സ് നിയന്ത്രണപദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായി പരിഷ്‌കരിച്ച ആനുകൂല്യമാണ് ഇവർക്ക് ഇപ്പോഴും കിട്ടുന്നത്. 2018-19- ൽ തുടങ്ങേണ്ടിയിരുന്ന അഞ്ചാംഘട്ടം സംബന്ധിച്ച് 2021 ഡിസംബറിലാണ് സർക്കാർ പ്രഖ്യാപനമുണ്ടായത്. 2022- ലെ ബജറ്റിലും വർദ്ധനവുണ്ടായില്ല. സുരക്ഷാപദ്ധതി ജീവനക്കാരൊഴികെയുള്ളവർക്ക് 2022 സെപ്റ്റംബറിൽ അഞ്ചാംഘട്ടമനുസരിച്ചുള്ള ശമ്പളവർദ്ധന നടപ്പാക്കി. പക്ഷേ,‚ ഇവർക്ക് കിട്ടിയില്ല. ഉന്നത ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ വന്നവരാണ്. മെഡിക്കൽ ഓഫീസർമാർ വരെയുള്ളവർക്ക് കാലാനുസൃതമായി ശമ്പളം വർദ്ധിപ്പിച്ച് നല്കുന്നുമുണ്ട്.

നിലവിലെ ശമ്പളം ഇങ്ങനെ

എം.എസ്.ഡബ്ല്യു/ സൈക്കോളജി/സോഷ്യോളജി പി.ജി. യോഗ്യത നിഷ്‌കർഷിക്കുന്ന മാനേജർ തസ്തികയ്ക്ക് 15‚000, കൗൺസിലർക്ക് 12‚000, നഴ്‌സിന് 9‚000, ഔട്ട് റീച്ച് വർക്കർക്ക് 7500 എന്നിങ്ങനെയാണ് നിലവിലെ ശമ്പളം. ബോധവത്കരണം നടത്തുന്നവർക്ക് ഓണറേറിയമായി 3000 രൂപയും പ്രതിമാസ യാത്രാബത്തയായി 490 രൂപയുമാണ് ലഭിക്കുന്നത്. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കും സീനിയോറിറ്റിയുള്ളവർക്കും ഒരേ ശമ്പളം. ഓരോ സംസ്ഥാനത്തെയും സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ വിഹിതം പ്രവർത്തനങ്ങൾക്കുപയോഗിക്കാൻ ദേശീയ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് നടപ്പാക്കാനുള്ള ഒരു നീക്കവും സംസ്ഥാനത്ത് ഉണ്ടാകുന്നില്ല. പുതിയ ജോലികൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.

14 ജില്ലകളിലായി 64 സുരക്ഷാ പദ്ധതികൾ നിലവിലുണ്ട്. നാനൂറോളം പദ്ധതി ജീവനക്കാരും ആയിരത്തോളം വരുന്ന ഫീൽഡ് എജുക്കേറ്റർമാരും ജോലിചെയ്യുന്നു. മലപ്പുറം, തൃശ്ശൂർ, കണ്ണൂർ, തിരുവനന്തപുരം ജില്ലാപഞ്ചായത്തുകളും അമ്പതിലധികം എൻ.ജി.ഒ.കളും സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് എച്ച്.ഐ.വി. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ടി.ബി, വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണങ്ങൾക്കും കോവിഡ്, മങ്കി പോക്‌സ് തുടങ്ങിയവയുടെ പ്രതിരോധത്തിനും ഈ ജീവനക്കാരെ ഉപയോഗിക്കുന്നു.

പലവട്ടം നിവേദനങ്ങൾ നൽകിയിട്ടും പരിഹാരമുണ്ടാകാത്തതിനാൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് കേരള എയിഡ്സ് കൺട്രോൾ സ്റ്റാഫ് അസോസിയേഷൻ. ലോക എയിഡ്സ് ദിനത്തിൽ ചുവന്ന റിബണിനോടൊപ്പം കറുത്ത ബാഡ്ജ് കൂടി അണിഞ്ഞ് അണിനിരക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എസ്.ബി. രാജു, വർക്കിങ് പ്രസിഡന്റ് ഹമീദ് കട്ടുപ്പാറ, സെക്രട്ടറി ശ്രീജിത്ത് കാസർകോട്, ഭാരവാഹികളായ നിധിൻ ഈപ്പൻ പാലക്കാട്, പ്രജീഷ് കണ്ണൂർ, ദിൽന ദേവസ്യ, ഓമന എന്നിവർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..