കാളികാവ്: ആലുവ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടായ എം.പി. മോഹനചന്ദ്രൻ ബുധനാഴ്ച സർവീസിൽനിന്ന് വിരമിക്കും. ചേലേമ്പ്ര ബാങ്ക് കവർച്ചക്കേസിൽ തുമ്പുണ്ടാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം നിലമ്പൂർ സ്വദേശിയാണ്. നടൻ ദിലീപ് പ്രതിയായ കേസ് അന്വേഷണച്ചുമതല വഹിച്ചുവരികയാണ് ഇപ്പോൾ.
1990-ൽ കേന്ദ്ര റിസർവ് പോലീസിൽ സബ് ഇൻസ്പെക്ടറായി ഔദ്യോഗിക രംഗത്തേക്ക് പ്രവേശിച്ചു. ദേശീയ സുരക്ഷാസേന (എൻ.എസ്.ജി.) കമാൻഡൻറായും സേവനം അനുഷ്ഠിച്ചു. 1995-ലാണ് സംസ്ഥാന പോലീസിൽ സബ് ഇൻസ്പെക്ടറായത്. പെരിയ , തിരുനാവായ ബാങ്ക് കവർച്ചക്കേസുകൾ, മാറാട് കലാപ കേസ്, ചാവക്കാട് വടക്കെക്കാട് ഷെമീർ കൊലക്കേസ്, കുനിയിൽ ഇരട്ടക്കൊല കേസ്, നിലമ്പൂർ രാധ കൊലക്കേസ് തുടങ്ങിയ കേസുകളും അന്വേഷിച്ചു. 2009-ൽ നടത്തിയ പെരിയ പൊന്ന്യൻ കവർച്ചക്കേസ് അന്വേഷണത്തിൽ തമിഴ്നാട് കുറുവ സംഘം നടത്തിയ 12 ബാങ്ക് കവർച്ചകൾക്ക് തുമ്പുണ്ടാക്കി. 2013 മുതൽ നിലമ്പൂർ കാടുകളിൽ കയറി മാവോവാദികളെ തുരത്തുന്നതിലും പ്രധാന പങ്കുവഹിച്ചു.
രാഷ്ട്രപതിയുടെ പോലീസ് മെഡൽ, വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, മികച്ച കുറ്റാന്വേഷണമികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഭാര്യ നിർമല നിലമ്പൂർ വീട്ടിക്കുത്ത് ഗവ. എൽ.പി. സ്കൂൾ അധ്യാപികയാണ്. മൂത്ത മകൾ അപർണ മോഹൻ എം.ബി.ബി.എസ്. പൂർത്തിയാക്കി. ഇളയ മകൾ നന്ദന മോഹൻ എം.ബി.ബി.എസ്. വിദ്യാർഥിനിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..