ദിവ്യ, ഗൗരി
തിരുവനന്തപുരം: പതിനൊന്നു വർഷം മുമ്പ് കാണാതായ യുവതിയെയും കുഞ്ഞിനെയും പങ്കാളി കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തി. പൂവച്ചൽ വെങ്ങാവിള ദിവ്യ മന്ദിരത്തിൽ ദിവ്യമോൾ(22), മകൾ ഒന്നര വയസ്സുകാരി ഗൗരി എന്നിവരാണ് കൊല്ലപ്പെട്ടത്. ദിവ്യയുടെ പങ്കാളി പൂവാർ മണ്ണാൻവിളാകം മാഹീൻ മൻസിലിൽ മാഹീൻകണ്ണി(43)നെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യ റുക്കിയ(38)യെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് റുക്കിയയ്ക്കും അറിയാമായിരുന്നുവെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
2011 ഓഗസ്റ്റ് 18നാണ് മാഹീൻ പങ്കാളിയായ ദിവ്യയെയും മകളെയും ഊരൂട്ടമ്പലത്തെ വീട്ടിൽനിന്നു വിളിച്ചുകൊണ്ടുപോയത്. തുടർന്ന് രാത്രി പത്തോടെ പൂവാർ-ഇരയിമ്മൻതുറ റോഡിലെ ആളില്ലാത്തുറയിൽ എത്തിച്ചു. ഇവിടെ വച്ച് പാറയിൽനിന്നു ദിവ്യയെ കടലിലേക്കു തള്ളിയിടുകയായിരുന്നു. തുടർന്ന് കുഞ്ഞിനെയും കടലിലേക്ക് എടുത്തിട്ടു. ഇവർ കടലിൽ മുങ്ങിപ്പോയി എന്ന് ഉറപ്പാക്കിയ ശേഷമാണ് മാഹീൻ മടങ്ങിയത്. ദിവ്യയെയും കുഞ്ഞിനെയും വേളാങ്കണ്ണിയിൽ സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചുവെന്നാണ് മറ്റുള്ളവരോടു പറഞ്ഞിരുന്നത്.
ദിവ്യയുമായുള്ള ബന്ധം ഭാര്യയും വീട്ടുകാരും അറിഞ്ഞതോടെയാണ് ദിവ്യയെ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് മാഹീൻ പറയുന്നു. ദിവ്യയെയും കുഞ്ഞിനെയും ഊരൂട്ടമ്പലത്ത് വീടെടുത്ത് താമസിപ്പിച്ചത് മാഹീനായിരുന്നു. കൊലപാതകം നടന്ന ദിവസം ദിവ്യയെയും കുഞ്ഞിനെയും ഇവിടെനിന്ന് മാഹീൻ കൂട്ടിക്കൊണ്ടു പോകുന്നത് അപ്രതീക്ഷിതമായി എത്തിയ ദിവ്യയുടെ സഹോദരി ശരണ്യ കണ്ടതാണ് തെളിവായത്.
വിവാഹിതനാണെന്നും അന്യമതസ്ഥനാണെന്നുമുള്ള വിവരങ്ങൾ മറച്ചുവെച്ച് മനുവെന്ന പേരിലായിരുന്നു മാഹീൻ, ദിവ്യയുമായി അടുപ്പത്തിലായത്. കാട്ടാക്കടയിൽ വാഹനവുമായി വരുമ്പോൾ കടയിൽ ജീവനക്കാരിയായ ദിവ്യയെ പരിചയപ്പെടുകയായിരുന്നു. പിന്നീട് ദിവ്യയെ വിളിച്ചിറക്കി കൊണ്ടുപോയി. ദിവ്യ ഗർഭിണിയായതോടെ മാഹീൻ വിദേശത്തേക്ക് കടന്നു. ഫോണിലൂടെയുള്ള ബന്ധമാണ് പിന്നീടുണ്ടായത്. ദിവ്യ പ്രസവിച്ച് ഒന്നര വർഷത്തിനു ശേഷമാണ് ഇയാൾ തിരികെ നാട്ടിലെത്തുന്നത്. ഇതറിഞ്ഞതോടെ ഇയാളെത്തേടി ദിവ്യ പൂവാറിലെത്തി. തുടർന്ന് ദിവ്യയും കുഞ്ഞുമായി മാഹീൻ ഊരൂട്ടമ്പലത്ത് താമസം തുടങ്ങി. ഇവിടെ വച്ചാണ് മാഹീന് വേറെ ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന് ദിവ്യ അറിയുന്നത്. ഇത് മാഹീന്റെ കുടുംബവും അറിഞ്ഞതോടെ തർക്കങ്ങളുണ്ടായി. ഇതോടെ ദിവ്യയെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
കാണാതായതിനെത്തുടർന്ന് ദിവ്യയുടെ അമ്മ രാധ, മാഹീനെ ഫോണിൽ വിളിച്ചപ്പോൾ ആദ്യം പൂവാറിലാണെന്നും പിന്നീട് വേളാങ്കണ്ണിയിലേക്കു പോകുമെന്നുമായിരുന്നു മറുപടി. എന്നാൽ, ഇയാൾ പൂവാർ ഭാഗം വിട്ടുപോയിട്ടില്ലെന്ന് മൊബൈൽ രേഖകൾ പരിശോധിച്ച് പോലീസ് കണ്ടെത്തിയിരുന്നു. ആദ്യം മാറനല്ലൂർ പോലീസ് കേസെടുത്തെങ്കിലും പത്തുമാസം കഴിഞ്ഞപ്പോൾ എഴുതിത്തള്ളുകയായിരുന്നു. തുടർന്ന് 2019ൽ ഐ.എസുമായി ബന്ധപ്പെട്ട കേസുകളുണ്ടായപ്പോൾ ഈ കേസ് പുനരന്വേഷണം നടത്താൻ തീരുമാനിച്ചു. എന്നാൽ, മനുഷ്യാവകാശ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച് പോലീസിനെതിരേ ഉത്തരവ് നേടി ഇയാൾ ചോദ്യം ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഉച്ചക്കടയിൽ ഒരു ഹോട്ടലും സമീപത്ത് വെൽനെസ് സെന്ററും നടത്തിവരികയായിരുന്നു.
ഒരു മാസം മുമ്പ് മകളെയും കുഞ്ഞിനെയും കണ്ടെത്താൻ വഴിതേടി ദിവ്യയുടെ അമ്മ മാധ്യമങ്ങൾക്ക് മുന്നിലെത്തിയതോടെ റൂറൽ എസ്.പി. ശില്പ ഡി. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. അഡീഷണൽ എസ്.പി. എം.കെ.സുൽഫിക്കർ, നെയ്യാറ്റിൻകര അസി. പോലീസ് സൂപ്രണ്ട് ഫറാഷ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജോൺസൺ, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. വിജുകുമാർ, സി.ഐ.മാരായ സന്തോഷ് കുമാർ, പ്രവീൺ, രതീഷ്, എസ്.ഐ.മാരായ പോൺവിൻ, ഹെന്റേഴ്സൺ, സാജൻ, എ.എസ്.ഐ. ശ്രീബു, ഷാഡോ ടീം അംഗങ്ങളായ, പ്രവീൺ ആനന്ദ്, അജിത്, അനീഷ്, അനിത, അധീൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തതോടെയാണ് കൊലപാതകം തെളിഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..