ജല അതോറിറ്റി മീറ്റർ റീഡർ, സ്ഥിരം ജീവനക്കാരുടെ മൂന്നിരട്ടിയിലേറെ താത്‌കാലികക്കാർ


തിരുവനന്തപുരം: ജല അതോറിറ്റിയിൽ മീറ്റർ റീഡർമാരായി പ്രവർത്തിക്കുന്നത് സ്ഥിരം ജീവനക്കാരുടെ മൂന്നിരട്ടി താത്‌കാലികക്കാർ. 1500ലേറെ താത്‌കാലിക ജീവനക്കാരാണ് മീറ്റർ റീഡർമാരായുള്ളത്. ഇതിൽ 1000ത്തോളം പേരെ കുടുംബശ്രീയിൽനിന്ന്‌ എടുത്തവരാണ്. കരാർ അടിസ്ഥാനത്തിൽ 400ലേറെപേരെയും നിയമിച്ചിട്ടുണ്ട്്. 400 മറ്റു ജീവനക്കാരെയും മീറ്റർ റീഡർമാരായി നിയോഗിച്ചിട്ടുണ്ട്്. താത്‌കാലികക്കാരുടെ എണ്ണം തേടി വിവരാവകാശപ്രകാരം അപേക്ഷ നൽകിയെങ്കിലും കൃത്യമായ എണ്ണം കേന്ദ്ര ഓഫീസിലില്ലെന്നാണ് മറുപടി നൽകിയത്.

346 സ്ഥിരം മീറ്റർ റീഡർ മാത്രമാണുള്ളത്. രണ്ടര പതിറ്റാണ്ടു മുമ്പുള്ള തസ്തികയാണിത്. ഇപ്പോൾ നാൽപ്പതു ലക്ഷത്തോളം കണക്ഷനുകളാണുള്ളത്. എന്നാൽ, ഇതിനനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. 1000ത്തോളം തസ്തികകൾ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റി ഏഴു വർഷം മുമ്പ് സർക്കാരിന് ഒരു ശുപാർശ നൽകിയിരുന്നു. എന്നാൽ, ഇതു നടപ്പായില്ല.

മീറ്റർ റീഡർ പി.എസ്.സി. റാങ്ക് പട്ടിക നിലവിലുണ്ട്. സ്ഥിരം തസ്തിക സൃഷ്ടിക്കാതെ താത്‌കാലികക്കാരെ തിരുകിക്കയറ്റുന്നതു കാരണം ഇവരുടെ അവസരമാണ് നഷ്ടമാകുന്നത്. 558 പേർ ഉൾപ്പെട്ട പട്ടികയിൽ 41 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചിട്ടുള്ളത്.

സാങ്കേതികവിദ്യ പരിഷ്‌കരണം നടക്കുന്നതിനാൽ ഭാവിയിൽ മീറ്റർ റീഡർമാരുടെ തസ്തികകൾ കൂടുതലായി ആവശ്യമില്ലെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. സ്മാർട്ട് മീറ്ററടക്കമുള്ള ആധുനിക മീറ്ററുകളും സ്വയം മീറ്റർ റീഡിങ് രേഖപ്പെടുത്തി അയയ്ക്കാനുള്ള സംവിധാനങ്ങളും തയ്യാറാക്കി വരികയാണെന്നും അധികൃതർ പറയുന്നു. ഇതോടെ നേരിട്ടുള്ള റീഡിങ് എടുക്കുന്ന നിലവിലെ രീതിയിൽ വലിയ പരിഷ്‌കാരങ്ങളുണ്ടാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..