വ്യവസ്ഥകളൊക്കെ മാറി: ബാങ്ക് ലോക്കറുകൾക്ക് ഇനി പുതിയമുഖം


കരാർ ഈമാസം പുതുക്കാം

കോട്ടയം: ബാങ്ക് ലോക്കർ ഉള്ളവരോ എടുക്കാൻ ആഗ്രഹിക്കുന്നവരോ ആണോ നിങ്ങൾ? എങ്കിൽ പുതിയമാറ്റങ്ങൾ അറിഞ്ഞിരിക്കണം. ലോക്കറുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കിയാണ് റിസർവ് ബാങ്ക് പുതിയ വ്യവസ്ഥകൾ നടപ്പാക്കിയത്. ഇതുപ്രകാരം ലോക്കറുപയോഗത്തിന് ബാങ്കുമായുള്ള പഴയകരാർ ഡിസംബർ 31 വരെ പുതുക്കാം.

വാടകയുടെ നൂറിരട്ടി നഷ്ടപരിഹാരം

ബാങ്കിന്റെ വീഴ്ചമൂലമോ മോഷണത്തിലോ തീപ്പിടിത്തത്തിലോ പഴക്കംകാരണം കെട്ടിടം തകർന്നോ ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ ലോക്കർ വാടകയുടെ നൂറിരട്ടി നഷ്ടപരിഹാരം കിട്ടുമെന്നതാണ് പുതിയ വ്യസ്ഥകളിൽ ഏറ്റവുംപ്രധാനം. മുമ്പ് നഷ്ടപരിഹാരമേ കിട്ടുമായിരുന്നില്ല. ഈ വർഷം നിലവിൽവന്ന പുതിയ വ്യവസ്ഥകൾ ഉപഭോക്താക്കൾ മിക്കവരും അറിഞ്ഞിട്ടില്ല. അതിനാൽ ബാങ്കുമായി പുതുക്കിയ കരാർ ഒപ്പുവെക്കാത്തവരേറെയാണ്.

എസ്.എം.എസ്., ഇ-മെയിൽ അറിയിപ്പ്

ബാങ്ക് ലോക്കർ തുറക്കുന്നത് തീയതിയും സമയവും ഉൾപ്പെടെ അന്നുതന്നെ ഗുണഭോക്താവിനെ എസ്.എം.എസ്. മുഖേനയും ഇ-മെയിലിലും അറിയിക്കണം. ഗുണഭോക്താവ് അറിയാതെയാണ് സംഭവമെങ്കിൽ പരിഹാരമാർഗവും അറിയിക്കണം.

സുതാര്യത

ലോക്കറുകൾ ഒഴിവുണ്ടെങ്കിലും ആവശ്യക്കാർക്ക് നൽകാതെ ബാങ്കുമായി മറ്റുഇടപാടുകൾ നടത്തുന്നതിനുള്ള ആനുകൂല്യമായി അനുവദിക്കുന്ന രീതിയും റിസർവ് ബാങ്ക് തടഞ്ഞിട്ടുണ്ട്. ഒഴിവുള്ള ലോക്കറുകളുടെ വിവരം ബാങ്കിന്റെ കംപ്യൂട്ടർ സംവിധാനത്തിൽ ലഭ്യമാക്കണം. ഒഴിവില്ലെങ്കിൽ പുതിയ അപേക്ഷകന് കാത്തിരിപ്പു നമ്പർ നൽകണം. ഒഴിവ് വരുമ്പോൾ ക്രമപ്രകാരം അനുവദിക്കണം. എന്നാൽ, സെക്യൂരിറ്റി തുക കണക്കാക്കി സ്ഥിരനിക്ഷേപം സ്വീകരിക്കുന്നതിന് വിലക്കില്ല.

സി.സി.ടി.വി.

ലോക്കർ റൂമുകളിൽ സി.സി.ടി.വി. ഉണ്ടാകണം. ദൃശ്യങ്ങൾ ആറുമാസംവരെ സൂക്ഷിക്കണം. ലോക്കർ അനധികൃതമായി ഉപയോഗിച്ചെന്ന പരാതിയുണ്ടായാൽ പോലീസ് അന്വേഷണം കഴിയുംവരെ ദൃശ്യങ്ങൾ സൂക്ഷിക്കുകയും ചെയ്യണം.

താക്കോൽ സുരക്ഷ

ലോക്കറിന്റെ താക്കോലുകളിൽ ബാങ്ക് ശാഖയുടെ കോഡ് ഉണ്ടാകണം. ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ നിയന്ത്രിക്കപ്പെടുന്ന ലോക്കറുകളാണെങ്കിൽ ഹാക്കർമാർക്കെതിരേ മുൻകരുതലുമെടുക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..