തൃശ്ശൂർ: സംസ്ഥാനത്തെ ജയിലുകൾ ജീവനക്കാരുടെ കുറവുമൂലം ബുദ്ധിമുട്ടുമ്പോൾ ജയിൽവകുപ്പ് ആസ്ഥാനത്ത് അധികമായി ഉള്ളത് ഒരു സ്പെഷ്യൽ ജയിലിൽ വേണ്ടത്രയും ജീവനക്കാർ. 55 മിനിസ്റ്റീരിയൽ ജീവനക്കാർക്ക് പുറമെയാണ് ഇവിടെ ഇരുപതോളം ജയിൽ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. വർഷങ്ങളായി ഇവിടെത്തന്നെ ജോലിചെയ്യുന്നവരാണ് ഇവരിൽ പലരും. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണിത്. ഉയർന്ന തസ്തികയിലുള്ളവരാണ് ആസ്ഥാനത്ത് കൂടുതൽ ഉത്തരവാദിത്വങ്ങളില്ലാത്ത ജോലികൾചെയ്ത് സേവന കാലം പൂർത്തിയാക്കുന്നത്.
മിനിസ്റ്റീരിയൽ ജീവനക്കാരെ നിയോഗിക്കാവുന്ന ജോലികളിലേക്കാണ് ജയിൽ ഉദ്യോഗസ്ഥർ നിയോഗിക്കപ്പെടുന്നത്. കംപ്യൂട്ടർവത്കരണം വന്നതോടെ കാര്യമായ ജോലികൾ ഇല്ലാത്ത ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തസ്തികകളിലുള്ള പതിനേഴോളം പേർ ഇവിടെയുണ്ട്. ഇവരെ ഉപയോഗപ്പെടുത്താതെയാണ് പരിശീലനം ലഭിച്ച ജയിൽ ജീവനക്കാരെ ഇത്തരം ജോലികൾക്കായി നിയമിച്ചിരിക്കുന്നത്.
ജയിൽ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഇ-മെയിലുകൾ പ്രിന്റ് എടുത്തുകൊടുക്കാൻ മാത്രം അസിസ്റ്റന്റ്/ഡെപ്യൂട്ടി പ്രിസൺ ഓഫീസർ തസ്തികയിലുള്ള മൂന്നുപേരാണ് ഉള്ളത്. റിസപ്ഷനിൽ ജോലിചെയ്യുന്നത് ഇതേ തസ്തികയിലുള്ള നാലുപേരാണ്. ഫയൽനീക്കം ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറിയതിനാൽ ആസ്ഥാന ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് എന്നിവരെ റിസപ്ഷനിസ്റ്റ് തസ്തികയിൽ നിയമിക്കാവുന്നതാണെന്ന് ജയിൽജീവനക്കാർതന്നെ പറയുന്നു.
സർക്കാരിലേക്കുള്ള കത്തിടപാടുകൾ വേഗത്തിലാക്കാൻ ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ലെയ്സൺ ഓഫീസറായി നിയമിച്ചിട്ടുണ്ട്. ഉത്തരവുകൾ വകുപ്പിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനായി ജോയിന്റ് സൂപ്രണ്ട് തസ്തികയിലുള്ള ഒരുദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉള്ളത്. ഇതിൽ ഒരു വെൽഫെയർ ഓഫീസറും ഡെപ്യൂട്ടി പ്രിസൺ ഓഫീസറുമുണ്ട്. ജയിൽ ഡി.ഐ.ജി.ക്കായി നാല് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെയാണ് നിയമിച്ചിരിക്കുന്നത്. ഡി.ജി.പി.ക്ക് ഒരു ഡെപ്യൂട്ടി പ്രിസൺ ഓഫീസറുമുണ്ട്. ഡ്യൂട്ടി ഓഫീസറായി അസിസ്റ്റന്റ് സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥനും ഗാർഡ് ഓഫീസറായി ഡെപ്യൂട്ടി പ്രിസൺ ഓഫീസർ തസ്തികയിലുള്ള ഉദ്യോഗസ്ഥനും ഇവിടെയുണ്ട്.
ജയിലുകളിൽ 40 ശതമാനം ജീവനക്കാരുടെ കുറവുണ്ടെന്നാണ് ജയിൽ വകുപ്പിന്റെതന്നെ കണക്ക്. നിയമപ്രകാരം ആറു തടവുകാർക്ക് ഒരു ഉദ്യോസ്ഥൻ വേണം. എന്നാൽ, നിലവിൽ 12 തടവുകാർക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽപ്പോലും തികയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..