തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വന്നത് യു.ഡി.എഫിന്റെ കാലത്താണെന്നും പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടാകും എന്നുകരുതി അവർ കൊണ്ടുവന്ന പദ്ധതി വേണ്ടെന്നുവെച്ചാൽ സംസ്ഥാനത്തിന്റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അനെർട്ടിന്റെ ഹരിത ഊർജ വരുമാന പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.
‘‘വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലും ചില തർക്കങ്ങളുണ്ടായി. എന്നുവെച്ച് ഭരണം മാറുമ്പോൾ പദ്ധതിയിൽനിന്നു പിന്മാറുന്നതു ശരിയല്ല. ഇക്കാര്യം സമരസമിതിയോടു വ്യക്തമാക്കിയിരുന്നു. ആലോചിച്ച് മറുപടി പറയാമെന്നുപറഞ്ഞു പോയവരാണ് ഇപ്പോൾ അക്രമം നടത്തുന്നത്’’ -മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ലൈഫ് മിഷനും പട്ടികജാതിവകുപ്പും നിർമിച്ച 500 വീടുകൾക്കാണ് ആദ്യഘട്ടത്തിൽ അനെർട്ട് വഴി സൗജന്യമായി സോളാർ പ്ലാന്റ് നൽകുന്നത്. മാസം 500 രൂപ വരുമാനം ഇതിലൂടെ വീട്ടുകാർക്കു ലഭിക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. സുരേഷ്കുമാർ, ലൈഫ് മിഷൻ സി.ഇ.ഒ. പി.ബി. നൂഹ്, അനെർട്ട് മേധാവി നരേന്ദ്രനാഥ് വെല്ലൂരി, അനെർട്ട് ചീഫ് ടെക്നിക്കൽ മാനേജർ അനീഷ് എസ്. പ്രസാദ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..