മെത്രാൻമാർ ഭിന്നത പരസ്യമായി അറിയിക്കുന്നത് അപൂർവം; സ്ഥിതി സങ്കീർണം


ആലപ്പുഴ: സിറോ മലബാർസഭയുടെ മെത്രാൻമാർ തന്നെ സിനഡ് തീരുമാനങ്ങളോടുള്ള അതൃപ്തി വ്യക്തമാക്കി തുടരെ പരസ്യമായി പ്രതികരിക്കുന്നത് അപൂർവം. തുടർച്ചയായി മൂന്നു സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്.

കുർബാന ഏകീകരിക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നു വ്യക്തമാക്കി ഈവർഷം ജനുവരിയിൽ ആറു മുൻ മെത്രാൻമാർ വത്തിക്കാന്‌ കത്തയച്ചിരുന്നു.

തീരുമാനം ഏകസ്വരത്തിലാണെന്നുവരുത്താൻ ശ്രമം നടക്കുന്നുവെന്നായിരുന്നു കത്തിലെ പരാമർശം. 1999-നുശേഷം സഭയുടെ ഒരുതലത്തിലും വിഷയം ചർച്ച ചെയ്തിരുന്നില്ലെന്നായിരുന്നു ആരോപണം. മാർ ജേക്കബ്ബ് തൂങ്കുഴി, ഗ്രേഷ്യൻ മുണ്ടാടൻ, ഗ്രിഗറി കരോട്ടെംപ്രൽ, വിജയ് ആനന്ദ് നെടുംപുറം, ഡൊമിനിക് കോക്കാട്ട്, തോമസ് ചക്യത്ത് എന്നിവരാണു കത്തയച്ചത്. ചില മെത്രാൻമാർക്ക് ഏകീകരണം നടപ്പാക്കാൻ പിടിവാശിയായിരുന്നു. തീയതി മാത്രമേ ഇനി നിശ്ചയിക്കാനുള്ളൂവെന്ന രീതിയിലാണു മേജർ ആർച്ച്ബിഷപ്പ് പെരുമാറിയത് - അവർ കുറ്റപ്പെടുത്തി.

അതിരൂപതയുടെ ആർച്ച്ബിഷപ്പ് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നു കാണിച്ച് ആന്റണി കരിയിൽ അതിരൂപതയിലെ വിശ്വാസികൾക്കായി കത്തയച്ചതാണു രണ്ടാമത്തെ സംഭവം. ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്നു സിനഡിൽ മുന്നറിയിപ്പു നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

സമാനസാഹചര്യമാണ് ഒമ്പതു മെത്രാൻമാർ എഴുതിയ പുതിയ കത്തിലൂടെയും വ്യക്തമാകുന്നത്. ആദ്യസംഘത്തിലുണ്ടായിരുന്ന ഗ്രേഷ്യൻ മുണ്ടാടൻ, ഡൊമിനിക് കോക്കാട്ട്, തോമസ് ചക്യത്ത് എന്നിവർ പുതിയ സംഘത്തിലുമുണ്ട്.

സഭാധ്യക്ഷനു മെത്രാൻമാർ അയച്ചകത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ സഭാനേതൃത്വം വിമർശിച്ചത് ഈ മെത്രാൻമാർക്കുള്ള പരോക്ഷമായ കുറ്റപ്പെടുത്തലാണ്.

വിട്ടുവീഴ്ചകൾക്കുള്ള സൂചനകൾ ഇരുപക്ഷത്തുമില്ല. ചർച്ചകൾ തുടങ്ങിവെച്ചതുമാത്രമാണ് ഇതുവരെയുള്ള പുരോഗതി. മാർ ആൻഡ്രൂസ് താഴത്തിന്റെ നിലപാടുകളോടു പൊതുവെ എതിർപ്പുള്ള മെത്രാൻമാർക്കിടയിൽ യോജിപ്പുണ്ടാകാൻ പുതിയ സംഭവങ്ങൾ കാരണമായെന്നാണു വിലയിരുത്തൽ.

ഇതിനിടെ, അതിരൂപതയുടെ ആസ്ഥാനദേവാലയമായ സെയ്ന്റ് മേരീസ് ബസലിക്ക തുറക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് വൈദികർ മന്ത്രി പി. രാജീവിനെ കാണുമെന്നറിയുന്നു. ബസലിക്ക പൂട്ടിയതു വിശ്വാസികളെയും വൈദികരെയും സംബന്ധിച്ച് ഏറെ വൈകാരികമായ കാര്യമായതിനാലാണ് ഈ നീക്കം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..