കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തെ വലിയ പമ്പുടമയാകും


ഭൂമിയിലെ കുരുക്ക് അഴിയുന്നു

തിരുവനന്തപുരം : ഒരുവർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തെ ഏറ്റവും വലിയ പെട്രോൾ-ഡീസൽ പമ്പ് ശൃംഖലയുടെ ഉടമയാകും. കോർപ്പറേഷൻ നേരിട്ടു നടത്തുന്ന ‘യാത്രാ ഫ്യൂവൽസ്’ പമ്പുകളുടെ എണ്ണം 12-ൽനിന്ന്‌ 40 ആക്കാനാണ് നീക്കം.

ഡിപ്പോകൾക്കുള്ളിലുള്ള പമ്പുകൾ പൊതുജനങ്ങൾക്കുകൂടി സൗകര്യപ്രദമാകുംവിധം പുറത്തേക്കുമാറ്റും. ഭൂവുടമസ്ഥാവകാശ രേഖകൾ ഇല്ലാത്തതിന്റെപേരിൽ റവന്യൂവകുപ്പ് ഉന്നയിച്ച തർക്കം സർക്കാർ ഇടപെട്ട് പിൻവലിച്ചതോടെയാണ് പദ്ധതിക്ക് പുതുജീവൻ വെച്ചത്.

പമ്പുകൾ പുറത്തേക്കുമാറ്റാൻ ശ്രമിച്ചപ്പോഴാണ് റവന്യൂവകുപ്പിന്റെ സമ്മതം ആവശ്യമായി വന്നത്. കളക്ടറുടെ നിരാക്ഷേപപത്രം ഉണ്ടെങ്കിലേ അനുമതി ലഭിക്കുകയുള്ളൂ. നിലവിൽ പല ഡിപ്പോകളും പമ്പുകളും പ്രവർത്തിക്കുന്ന ഭൂമിയുടെ കൈവശാവകാശം മാത്രമാണ് കോർപ്പറേഷനുള്ളത്. സർക്കാർ പാട്ടഭൂമിയും പുറമ്പോക്കുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.

വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചെങ്കിലും പമ്പ് നടത്തിപ്പ് കെ.എസ്.ആർ.ടി.സി.യുടെ കൈവശം നിലനിർത്തണമെന്നതടക്കമുള്ള വ്യവസ്ഥകൾ റവന്യൂവകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 69-ഉം എച്ച്.പി.യുടെ നാലും ബി.പി.സി.എലിന്റെ ഒരു പമ്പുമാണ് കെ.എസ്.ആർ.ടി.സി.ക്കുള്ളത്. തിരുവനന്തപുരം സിറ്റി, കിളിമാനൂർ, ചടയമംഗലം, ചേർത്തല, മൂന്നാർ, ചാലക്കുടി, മൂവാറ്റുപുഴ, കോഴിക്കോട്, ഗുരുവായൂർ, തൃശ്ശൂർ, പറവൂർ, മാവേലിക്കര എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് ഇന്ധനംനൽകുന്ന ‘യാത്രാ ഫ്യൂവൽസ്‌’ ആരംഭിച്ചിട്ടുള്ളത്. 28 സ്ഥലങ്ങളിലെ പമ്പുകൾകൂടി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് തീരുമാനം.

ടിക്കറ്റിതരവരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പമ്പുകൾ തുടങ്ങുന്നത്. വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസൽവില കൂട്ടിയതിനാൽ ഇവിടെനിന്നാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി. ബസുകളും ഇന്ധനം നിറയ്ക്കുന്നത്. അധികമുള്ള ജീവനക്കാരെയാണ് ഇവിടങ്ങളിൽ നിയോഗിച്ചിട്ടുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..