ആലപ്പുഴ: കുറഞ്ഞവേതനം പ്രഖ്യാപിച്ച് സർക്കാരുത്തരവിറക്കി നാലുവർഷമാകുമ്പോഴും സഹകരണവകുപ്പിന്റെ ആശുപത്രിയിൽ കുറഞ്ഞവേതനമില്ല. ഇതിനെതിരേ കേരള നഴ്സസ് യൂണിയൻ സമരം തുടങ്ങി. സഹകരണവകുപ്പിന്റെ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജ്യുക്കേഷ(കേപ്)നു കീഴിൽ പുന്നപ്രയിലെ സാഗര സഹകരണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കു മുന്നിലാണ് സമരം.
ശനിയാഴ്ച നഴ്സസ് യൂണിയന്റെ നേതൃത്വത്തിൽ സഹകരണ മാനേജ്മെന്റിനെതിരേ നടത്തിയ വിശദീകരണയോഗത്തിനു സി.ഐ.ടി.യു. പിന്തുണ നൽകി. സംസ്ഥാന സെക്രട്ടറി സി.ബി. ചന്ദ്രബാബു, ജില്ലാ പ്രസിഡന്റ് എച്ച്. സലാം എം.എൽ.എ., സെക്രട്ടറി പി. ഗാനകുമാർ എന്നിവർ പങ്കെടുക്കുകയും ചെയ്തു.
ആശുപത്രി സ്ഥാപിച്ചിട്ട് 12 വർഷമായി. ഇതിനിടയിൽ കുറഞ്ഞവേതനം നടപ്പാക്കിയില്ലെന്നുമാത്രമല്ല സ്ഥാനക്കയറ്റവും നടന്നിട്ടില്ല. സീനിയോറിറ്റി ലിസ്റ്റ് പോലുമില്ല. 16,400 രൂപയും അതിനുതാഴെയുമാണ് മിക്കവർക്കും ശമ്പളം. 4,000 രൂപ വേതനമുള്ളവർ പോലുമുണ്ട്. 29,200 രൂപ നൽകേണ്ടിടത്താണിത്. 125-ഓളം മറ്റു ജീവനക്കാർക്കും കുറഞ്ഞ വേതനമില്ല.
സുപ്രീംകോടതി ഉത്തരവുകൂടി കണക്കിലെടുത്ത് സംസ്ഥാന സർക്കാരിറക്കിയ ഉത്തരവുപ്രകാരം 50 കിടക്കവരെയുള്ള ആശുപത്രികളിൽ നഴ്സുമാരുടെ മാസവേതനം 20,000 രൂപയിൽ കുറയരുത്. 100 കിടക്കയുള്ളിടത്ത് ഇത് 24,400 ആണ്. 200-നുമുകളിലാണെങ്കിൽ 29,200 രൂപയും. 200 കിടക്കയിൽ കൂടുതലുള്ള സാഗര ആശുപത്രിയിൽ 43 നഴ്സുമാരുണ്ട്.
സമരം വകുപ്പിനും സർക്കാരിനും നാണക്കേടാകുമെന്നുകണ്ട് അധികൃതർ ഇടപെട്ടിട്ടുണ്ട്. മന്ത്രിയുടെ നിർദേശപ്രകാരം നേതാക്കളുമായി ചർച്ച നടത്താൻ നിർദേശിച്ചിരിക്കുകയാണ്.
bbസമരത്തിനു നിർബന്ധരായി
bbസർക്കാരിനു മാതൃക കാണിക്കേണ്ട സ്ഥാപനത്തിൽത്തന്നെ കുറഞ്ഞ വേതനമില്ലാത്തത് അനുവദിക്കാനാകില്ല. ഇവിടെ നൽകിയില്ലെങ്കിൽ സ്വകാര്യ ആശുപത്രിയിൽ നടപ്പാക്കാൻ നിർബന്ധിക്കാനാകുമോ? പലവട്ടം നിവേദനം നൽകിയിട്ടും ഫലമില്ലാത്തതിനെ ത്തുടർന്നാണു സമരം
-നിഷ സൂസൻ ഡാനിയേൽ
സെക്രട്ടറി, കേരള നഴ്സസ് യൂണിയൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..